കോഴിക്കോട്: പെരുമണ്ണ മുണ്ടുപാലത്ത് ഇന്ന് പുലർച്ചെ വീടുകയറി രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികളെ പന്തീരാങ്കാവ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. മുണ്ടുപാലം മാർച്ചാൽ വളയംപറമ്പിൽ ഷാനൂപ്, ഇയാളുടെ സുഹൃത്തുക്കളായ വള്ളിക്കുന്ന് സ്വദേശികളായ രാഹുൽ, റിഷാദ് എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസും സ്‌പെഷ്യൽ സ്‌ക്വാഡും പിടികൂടിയത്.
ആക്രമണത്തിന് നേതൃത്വം നൽകിയ ഷാനൂപ് പരിക്കേറ്റ അബൂബക്കർ കോയയുടെയും ഷാഫിറിൻ്റെയും അയൽവാസിയാണ്.
സഹോദരിയെ ശല്യപ്പെടുത്തിയത് ഷാഫിറാണെന്ന സംശയത്തിലാണ് ഷാഫിറിനെ നേരിട്ട് കാണുക പോലും ചെയ്യാത്ത പ്രതികൾ വെട്ടിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.
ആക്രമണത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടു. പൊലീസിൻ്റെ ഊർജ്ജിതമായ അന്വേഷണത്തിൽ കോഴിക്കോട് മാങ്കാവിനു സമീപത്തു നിന്നാണ് മൂവരെയും പിടികൂടിയത്. ഷാനൂപ് നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണ്. പ്രതികൾക്കെതിരെ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് പന്തീരാങ്കാവ് പൊലീസ് കേസെടുത്തു.
ആക്രമണത്തിൽ പരിക്കേറ്റ അബൂബക്കർ കോയയും ,ഷാഫിറും മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തി. കെ പി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൂന്ന് പ്രതികളെയും പിടികൂടിയത്. ആക്രമണം നടന്ന് ആറു മണിക്കൂറിനകം മൂന്ന് പ്രതികളെയും പിടികൂടാൻ പൊലീസിന് സാധിച്ചു.
Also Read: നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം; ജിം പരിശീലകൻ അറസ്‌റ്റിൽ