കേരളത്തിലെ വിഐപി മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര എന്നീ നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് തിരുവന്തപുരം ലോക്‌സഭ മണ്ഡലം. രണ്ട് മുന്‍ കേന്ദ്രമന്ത്രിമാരും ഒരു മുന്‍ എംപിയും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടിയത്. ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തില്‍ അരങ്ങേറിയത്.
ഇക്കുറി 66.46 ശതമാനം പോളിങ്ങാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണയിത് 73.45 ശതമാനമായിരുന്നു. എന്തായാലും പോളിങ് ശതമാനത്തിലുണ്ടായ ഇടിവ് തങ്ങളെ ബാധിക്കില്ലെന്നാണ് മൂന്ന് മുന്നണികളും വാദിക്കുന്നത്. മറിച്ച് ഇത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നും മൂന്ന് കൂട്ടരും വിലയിരുത്തുകയും ചെയ്യുന്നു.
ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലത്തില്‍ പാര്‍ട്ടിയുടെ വിഐപി സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്ത് ഇറക്കിയത് മികച്ച വിജയം പ്രതീക്ഷിച്ചാണ്. രണ്ടാം മോദി സര്‍ക്കാരിലെ ഐടി സഹ മന്ത്രിയും ഐടി വിദഗ്‌ധനുമായ രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുെട താരമൂല്യമുള്ള സ്ഥാനാര്‍ത്ഥിയാണ്.
കോണ്‍ഗ്രസിന്‍റെ താരമൂല്യമുള്ള സ്ഥാനാര്‍ത്ഥിയാണ് ശശി തരൂര്‍. 2009ലും 2014ലും 19ലും തിരുവനന്തപുരത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച, യുപിഎ സര്‍ക്കാരിലെ മന്ത്രി ആയിരുന്ന ശശി തരൂര്‍ ഹാട്രിക് ലക്ഷ്യമിട്ടാണ് ഗോദയില്‍ ഇറങ്ങിയത്. തിരുവനന്തപുരത്തിന് വേണ്ടി താന്‍ നടപ്പാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു തരൂര്‍ കളം നിറഞ്ഞത്.
വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ ജനങ്ങള്‍ക്കൊപ്പം എന്ന് മാത്രം പറഞ്ഞായിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ പന്ന്യന്‍ രവീന്ദ്രന്‍ തന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 2004ല്‍ തിരുവനന്തപുരത്തെ എംപിയായി തെരഞ്ഞെടുക്കപ്പെട്ട പി കെ വാസുദേവന്‍നായരുടെ ആകസ്‌മിക നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ രംഗത്ത് ഇറക്കിയത് പന്ന്യന്‍ രവീന്ദ്രനെ ആയിരുന്നു. അങ്ങനെ പതിനാലാം ലോക്‌സഭയില്‍ പന്ന്യന്‍ രവീന്ദ്രന്‍ അംഗമായി. 2012 ഏപ്രില്‍ 9ന് സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2015 മാര്‍ച്ചില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.
പോളിങ്ങ് ശതമാനം | |
2024 | 66.46 |
2019 | 73.45 |
2014 | 68.63 |
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം:
- ഡോ. ശശി തരൂര്‍ (യുഡിഎഫ്)- 4,16,131 വോട്ട്
- കുമ്മനം രാജശേഖരന്‍ (എന്‍ഡിഎ)- 3,16,142 വോട്ട്
- സി ദിവാകരന്‍ (എല്‍ഡിഎഫ്)- 2,58,556 വോട്ട്