ചത്തീസ്‌ഗഢ്: 77 വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയെത്തി 90 വയസുകാരൻ. പാകിസ്ഥാനിലേക്ക് കുടിയേറിപ്പാർത്ത ഖുർഷിദ് അഹമ്മദ് ആണ് തൻ്റെ ജന്മനാടായ ഗുരുദാസ്‌പൂർ മച്രായ് ഗ്രാമത്തിലേക്ക് തിരിച്ചെത്തിയത്. വൈകാരികമായ വരവേൽപ്പാണ് ഗ്രാമവാസികള്‍ ഗുരുദാസ്‌പൂരിന് നൽകിയത്.
1947 ലെ വിഭജനത്തിന് മുൻപ് ഈ ഗ്രാമത്തിൽ ജനിച്ചു വളർന്ന ഖുർഷിദ് നീണ്ട 77 വർഷങ്ങൾക്ക് ശേഷമാണ് തൻ്റെ ഗ്രാമത്തിലേക്ക് എത്തുന്നത്. 'ഇന്ന് ഞാൻ എൻ്റെ ഹജ്ജ് പൂർത്തിയാക്കിയതായി തോന്നുന്നു. ഇത് ഞാൻ ജനിച്ച മണ്ണാണ്. കുട്ടിക്കാലത്ത് ഒരുപാട് ഇവിടെ കളിച്ചു വളർന്നു. ഈ സന്ദർശനത്തിലൂടെ ഞാൻ സമാധാനം കണ്ടെത്തിയത് പോലെ എനിക്ക് തോന്നുന്നു.' ചെറുപുഞ്ചിരിയോടെ കണ്ണ് നിറഞ്ഞുകൊണ്ട് ഖുർഷിദ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചെറുപ്പത്തിൽ മച്രായിലെ ഒരു വലിയ ഹവേലിയിലായിരുന്നു ഖുർഷിദ് താമസിച്ചിരുന്നത്. എന്നാൽ വിഭജനം സംഭവിച്ചപ്പോൾ മുസ്ലിം സമുദായത്തിലെ പലരും പാകിസ്ഥാനിലേക്ക് കുടിയേറിപ്പാർത്തപ്പോൾ ഖുർഷിദും കുടുംബവും ഇവിടം ഉപേക്ഷിച്ച് പോകുകയായിരുന്നു.
കാനഡയിൽ സ്ഥിര താമസമാക്കിയ മച്രായ് സ്വദേശി ഗുർപ്രീത് സിങിൻ്റെ ഇടപെടലിലൂടെയാണ് ഖുർഷിദ് നാട്ടിലേക്ക് തിരിച്ചെത്തിയത്. പാകിസ്ഥാനിലെ ഗുരുദ്വാര നങ്കാന സാഹിബിൽ വച്ചാണ് ഖുർഷിദിനെ കണ്ടതെന്ന് ഗുർപ്രീത് പറഞ്ഞു. ജന്മസ്ഥലം കാണണമെന്ന് ഖുർഷിദ് ആഗ്രഹം പ്രകടിപ്പിച്ചു.
പിന്നീട് ഖുർഷിദുമായും അദ്ദേഹത്തിൻ്റെ കുടുംബവുമായും ബന്ധം പുലർത്തിയിരുന്നു. ഒടുവിൽ ഖുർഷിദിന് വിസ ലഭിച്ചുവെന്നും നാട്ടിലേക്ക് എത്തിക്കാനായെന്നും ഗുർപ്രീത് കൂട്ടിച്ചേർത്തു. 45 ദിവസത്തെ വിസയാണുള്ളത്. ഉടൻ തന്നെ പാകിസ്ഥാനിലേക്ക് തിരികെ മടങ്ങാനാണ് പദ്ധതിയെന്ന് ഖുർഷിദ് പറഞ്ഞു.
Also Read: 69-ാം വയസില്‍ വിവാഹമോചനം: ഭാര്യക്ക് 3.7 കോടി രൂപ ജീവനാംശം നൽകാൻ ഭൂമി വിറ്റ് ഭർത്താവ്