തിരുവനന്തപുരം: പുത്തന്‍ ഡെസ്റ്റിനേഷനുകളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ച് ശ്രദ്ധ നേടിയ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രതിദിന വിമാന സര്‍വീസുകളുടെ കാര്യത്തില്‍ ചരിത്ര നേട്ടം പിന്നിട്ടു. ഇന്നലെ (ഡിസംബര്‍ 17) പ്രതിദിന വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ തിരുവനന്തപുരം വിമാനത്താവളം സെഞ്ചുറി അടിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഡിസംബര്‍ 17 ന് 100 കൊമേഴ്‌സ്യല്‍ എയര്‍ ട്രാഫിക് മൂവ്‌മെൻ്റുകള്‍ (എടിഎം) നടത്തിയാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് പുതിയ നേട്ടത്തിലെത്തിയത്. ഇന്ത്യയിലെ 11 നഗരങ്ങളിലേക്ക് 56 മൂവ്‌മെൻ്റുകളും 14 വിദേശ നഗരങ്ങളിലേക്ക് 44 മൂവ്‌മെൻ്റുകളുമാണ് 17നു നടത്തിയത്. ആകെ 15354 പേര്‍ ഈ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തി.
ക്രിസ്‌മസ് - പുതുവര്‍ഷ സീസണിലെ തിരക്ക് പരിഗണിച്ച് എല്ലാ യാത്രക്കാര്‍ക്കും സുരക്ഷിതവും ആയാസരഹിതവുമായ യാത്ര ഉറപ്പാക്കാന്‍ ആവശ്യമായ അധിക സജ്ജീകരണങ്ങളും എയര്‍പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 12 ന് തിരുവനന്തപുരത്ത് നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ചിരുന്നു.
ഇന്‍ഡിഗോയാണ് സര്‍വീസ് ആരംഭിച്ചത്. തുടക്കത്തില്‍ ആഴ്‌ചയില്‍ നാല് ദിവസമാണ് സർവീസ്. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം 4:25ന് അഹമ്മദാബാദില്‍ നിന്ന് പുറപ്പെട്ട് രാത്രി 7:05ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാത്രി 7:35ന് പുറപ്പെട്ട് 9:55ന് അഹമ്മദാബാദില്‍ എത്തും.
കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നായ ഗുജറാത്തിലേക്ക് നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നത് വിനോദ സഞ്ചാരമേഖലയ്ക്കും പ്രയോജനപ്പെടുമെന്ന വിലയിരുത്തലുണ്ട്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ പുതിയ സര്‍വീസ് നവംബര്‍ 23ന് ആരംഭിച്ചിരുന്നു.
ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 7:15ന് പുറപ്പെട്ട് 08:05ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 11 മണിക്ക് പുറപ്പെട്ട് 11:50ന് തിരുവനന്തപുരത്ത് എത്തുന്നതായിരിക്കും. തിരുവനന്തപുരം - കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസിന് പുറമേയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ്.
Also Read: ദുബായില്‍ നിന്ന് വിമാനം കയറി, വീട്ടിലെത്തിയത് സൈക്കിളില്‍; സലീമിനിത് സ്വപ്‌ന സാക്ഷാത്‌കാരം