കോഴിക്കോട് : കോഴിക്കോട് പന്തിരാങ്കാവിനു സമീപം ക്ഷേത്രത്തിൽ മോഷണം. കൊടൽ നടക്കാവ് ചിറക്കൽ ഗുരുദേവൻ ഭഗവതി കാവിലാണ് മോഷണം നടന്നത്. വിഗ്രഹത്തിൽ ചാർത്തുന്ന ആറ് പവൻ വരുന്ന സ്വർണാഭരണങ്ങളും ഭണ്ഡാരത്തിൽ ഉണ്ടായിരുന്ന പണവുമാണ് മോഷണം പോയത്.
രാവിലെ കാവിന്‍റെ കാരണവർ വിളക്ക് തെളിയിക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഓഫീസ് മുറിയുടെ വാതിലിന്‍റെ പൂട്ട് തകർത്താണ് മോഷ്‌ടാവ് അകത്ത് കടന്നത്. ഓഫീസ് മുറിക്കകത്തെ ഇരുമ്പ് ഷെൽഫിൻ്റെ പൂട്ടും തകർത്തിയിട്ടുണ്ട്. ഇതിനകത്തായിരുന്നു സ്വർണാഭരണം സൂക്ഷിച്ചത്.
കൂടാതെ ഓഫീസ് മുറിക്കകത്തുണ്ടായിരുന്ന മരത്തിൻ്റെ ഭണ്ഡാരവും പൊളിച്ചിട്ടുണ്ട്. ഉത്സവം കഴിഞ്ഞ സമയമായതിനാൽ ഭണ്ഡാരത്തിൽ ഉണ്ടായിരുന്ന പണത്തിന്‍റെ കണക്ക് തിട്ടപ്പെടുത്തിയിരുന്നില്ല. മാത്രമല്ല പുറത്തുണ്ടായിരുന്ന മറ്റൊരു ഭണ്ഡാരവും തകർത്ത് മോഷ്‌ടാവ് പണം കവർന്നു.
മോഷണം നടന്നതിനെ തുടർന്ന് കാവിന്‍റെ ഭാരവാഹികൾ പന്തിരാങ്കാവ് പൊലീസിൽ പരാതി നൽകി. പൊലീസും വിരലടയാള വിദഗ്‌ധരും ഡോഗ്സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.