തൊടുപുഴ: തൊടുപുഴ മുട്ടം ജില്ലാ കോടതിയിൽ കള്ളൻ കയറി.കോടതിയുടെ ഓഫീസ് മുറിയിലാണ് കള്ളൻ കയറിയത്. ജീവനക്കാർ രാവിലെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കേസുകളുടെ ഫയൽ സൂക്ഷിച്ചിരിക്കുന്ന ഓഫീസ് റൂമിലാണ് മോഷണ ശ്രമം നടന്നത്. ഇന്ന് (14-02-2024) പുലർച്ചയോടെയാണ് കള്ളൻ കയറിയതെന്നാണ് പ്രാഥമിക നിഗമനം.
കോടതിയുടെ ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്. മുറിക്കുള്ളിലെ മേശകൾ തുറന്ന നിലയിലാണ്. ഫയലുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിരലടയാളം ഉൾപ്പെടെയുള്ള തെളുവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
പരിശോധന പൂര്‍ത്തിയാക്കി തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമാകും ജീവനക്കാരെ ഓഫീസിലേക്ക് കയറ്റിവിടുക. ഈ ജീവനക്കാർ അകത്തു കയറിയാൽ മാത്രമേ ഏതൊക്കെ ഫയലുകളാണ് നഷ്ടപ്പെട്ടത് എന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. സംഭവത്തിൽ മുട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.