കോഴിക്കോട്: ഒളവണ്ണ പാലക്കുറുമ്പ തണ്ടാൻ മഠത്തിൽ നിന്നും ആരംഭിച്ച പ്രധാന താലപ്പൊലിയിൽ രണ്ടായിരത്തിലേറെ സ്ത്രീകളാണ് താലവുമായി പങ്കെടുത്തത്. പ്രധാന ആവേത്താൻ തിരി തെളിയിച്ചതോടെ താലപ്പൊലി ആരംഭിച്ചു. തീവെട്ടിയും പാണ്ടിമേളത്തിൻ്റെയും അകമ്പടിയോടെ താലപ്പൊലി പാലക്കുറുമ്പ ക്ഷേത്ര സന്നിധിയിലേക്ക് മെല്ലെ നീങ്ങി.
ആയിരങ്ങളാണ് വടക്കൻ കൊടുങ്ങല്ലൂർ എന്നറിയപ്പെടുന്ന പാലക്കുറുമ്പയിലെ ഉത്സവാരംഭം കാണാൻ ഒഴുകിയെത്തിയത്. ഓട്ടുകിണ്ണത്തിൽ താലമെടുക്കുന്നു എന്ന പ്രത്യേകത കൂടി പാലക്കുറുമ്പയിലെ താലപ്പൊലിക്കുണ്ട്. ഉണങ്ങലരിയും പച്ചമഞ്ഞളും നാളികേരമുറിയിൽ നിറഞ്ഞു കത്തുന്ന തിരിയുമാണ് താലപ്പൊലിയിലെ പ്രധാന കാഴ്‌ച. കേരളീയ വേഷമണിഞ്ഞ സ്ത്രീകൾ താലപ്പൊലിയിൽ അണിനിരന്നപ്പോൾ മലബാറിലെ ഏറ്റവും വലിയ താലപ്പൊലികളിൽ ഒന്നായി പാലകുറുമ്പയിലേത്.
താലപ്പൊലിക്ക് പുറമേ വിവിധ ദേശങ്ങളിൽ നിന്നായി 15 ഓളം ആഘോഷ വരവുകളും പാലക്കുറമ്പ ക്ഷേത്രോത്സവത്തിന് മാറ്റുകൂട്ടി. ദേവിയുടെ ഉടയാടയായ കൊടിയെഴുന്നള്ളത്തും കാഴ്ച്ചക്കാർക്ക് ഭംഗിയൊരുക്കി. താലപ്പൊലി ഉത്സവം സമാപിച്ചതോടെ ഒരു മാസം നീണ്ടുനിൽക്കുന്ന പാലക്കുറുമ്പ ക്ഷേത്രോത്സവത്തിനാണ് കൊടിയേറിയത്.