കോഴിക്കോട്: ചാത്തമംഗലം കൂളിമാടിന് സമീപം ടെമ്പോ വാൻ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. മഞ്ചേരിയിൽ നിന്നും മുക്കത്തേക്ക് ഫ്രൂട്ട്‌സുമായി വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാൻ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്‌ചയിലുള്ള വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു.
ഇന്ന് (സെപ്‌റ്റംബർ 2) രാവിലെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഡ്രൈവറും സഹായിയും വാഹനത്തിന്‍റെ ക്യാമ്പിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു. വാൻ അപകടത്തിൽപ്പെട്ടത് കണ്ട പരിസരവാസികളാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.
പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.