കൊല്ലം: അധ്യാപകര്‍ വിദ്യാര്‍ഥികളായി വിദ്യാലയത്തിലെത്തിയാല്‍ എങ്ങനെയുണ്ടാകും?. ഈയൊരു ജിജ്ഞാസയാണ് അടൂർ കടമ്പനാട് വിവേകാനന്ദ എല്‍പിഎസിലെ അധ്യാപകരെ കുട്ടികളുടെ യൂണിഫോമിലേക്ക് എത്തിച്ചത്. സ്‌കൂളിലെ ആറ് അധ്യാപകരാണ് ഈ പരീക്ഷണത്തിന് ഒരുങ്ങിയത്.
കുട്ടികളുടെ അതേ യൂണിഫോമും ധരിച്ച് ഇവര്‍ സ്‌കൂളിൽ എത്തി. ഒരു മുന്നറിയിപ്പുമില്ലാതെ കുട്ടികളുടെ അതേ യൂണിഫോമിൽ കടന്നുവന്ന അധ്യാപകരെ കണ്ട് ആദ്യം അതിശയത്തോടെ നോക്കി നിന്ന കുട്ടികൾ പിന്നീട് ഹർഷാരവത്തോടെ അധ്യാപകർക്ക് ചുറ്റും തടിച്ചു കൂടുകയും നിറഞ്ഞ പുഞ്ചിരിയോടു കൂടി അവരെ സ്വീകരിക്കുകയും ചെയ്‌തു.
കുട്ടികളുടെ അതേ യൂണിഫോമിൽ ക്ലാസിലേക്ക് തങ്ങൾ കടന്നു ചെല്ലുമ്പോൾ അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള വ്യത്യാസം ഒരു പരിധി വരെ ഇല്ലാതാകുമെന്നാണ് ഈ അധ്യാപകര്‍ പറയുന്നത്. അധ്യാപകരെ തങ്ങളുടെ കൂട്ടുകാരിൽ ഒരാളായി കാണുകയും തങ്ങൾക്കുണ്ടാകുന്ന ചെറിയ ചെറിയ പ്രശ്‌നങ്ങൾ പോലും കൂട്ടുകാരോട് പറയുന്നതുപോലെ അധ്യാപകരോട് പങ്കുവെക്കും എന്നും ഇവര്‍ വിലയിരുത്തുന്നു.
അതുവഴി കുട്ടികളിലേക്ക് കൂടുതൽ അടുത്ത് ഇടപഴകാൻനാകും. കൊച്ചുകുട്ടികൾക്കുണ്ടാകുന്ന ചെറിയ ചെറിയ മാനസിക പ്രശ്‌നങ്ങൾ ഇതുവഴി പരിഹരിക്കാൻ തങ്ങൾക്ക് കഴിയുമെന്നും ഈ അധ്യാപകർ വിശ്വസിക്കുന്നു.
ആര്‍.രേഖലക്ഷ്‌മി, കെ പി വൃന്ദ, എം.എ അനീഷ്‌കുമാർ, രതീഷ് സംഗമം, സ്വപ്‌ന എസ്. നായർ, വി.വിജയകൃഷ്‌ണൻ, സി. എസ്.രശ്‌മി എന്നീ അധ്യാപകരാണ് കുട്ടികളുടെ യൂണിഫോമിൽ സ്‌കൂളിലെത്തിയത്. കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഈ അധ്യാപകരെ അഭിനന്ദിക്കുകയും അവരുടെ ചിത്രങ്ങളും വാർത്തയും തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയും ചെയ്‌തു.
Also Read: ടീച്ചർ എവിടെയാണോ അവിടെ ഞങ്ങളും: അധ്യാപകനൊപ്പം സ്‌കൂൾ മാറി ഒരു കൂട്ടം വിദ്യാർഥികൾ