ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കാർഷിക ആവശ്യത്തിനായി തമിഴ്‌നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. സെക്കന്‍റിൽ 300 ഘനയടി വെള്ളമാണ് ഇപ്പോൾ കൊണ്ട് പോകുന്നത്. അഞ്ച് ജില്ലകളിലെ കൃഷി ആവശ്യങ്ങൾക്കാണ് തമിഴ്‌നാട് വെള്ളം ഉപയോഗിക്കുക.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് തേനി ജില്ലയിലെ നെല്‍ പാടങ്ങളിലേക്ക് ഒന്നാം കൃഷിക്കായാണ് വെള്ളമെടുത്ത് തുടങ്ങിയത്. തുടര്‍ച്ചയായി നാലാം വര്‍ഷവും ജൂണ്‍ ഒന്നിന് തന്നെ അണക്കെട്ടില്‍ നിന്നും വെള്ളം കൊണ്ട് പോകാന്‍ കഴിയുന്നത് തമിഴ്‌നാട് കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യും. 200 ഘനയടി വെള്ളം കൃഷിയ്ക്കും 100 ഘനയടി കുടി വെള്ളത്തിനുമാണ് ഉപയോഗിക്കുന്നത്.
തേക്കടിയില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം മുല്ലപ്പെരിയാർ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അൻപ് സെൽവൻ ഷട്ടര്‍ തുറന്നു. മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് തേനി ജില്ലയിൽ 14,700 ഹെക്‌ടർ സ്ഥലത്ത് കൃഷി ആരംഭിക്കുന്നതിനായി ഉള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി കർഷകർ അറിയിച്ചു.
കാലവര്‍ഷം ആരംഭിക്കാനിരിക്കെ അണക്കെട്ടില്‍ 119.5 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേസമയം 118.45 അടിയായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളിലാണ് കൃഷി ചെയ്യുന്നത്. ഷട്ടര്‍ തുറക്കുന്നതിനോടനുബന്ധിച്ച് തേനി ജില്ലയില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. 142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഇപ്പോഴത്തെ അനുവദനീയ സംഭരണ ശേഷി.