തൃശൂർ: ഭൂമി തട്ടിപ്പ് കേസിൽ തമിഴ്‌നാട് മുൻ മന്ത്രി തൃശൂരില്‍ അറസ്റ്റില്‍. എംആർ വിജയഭാസ്‌കറാണ് തൃശൂരിലെ ഒളിത്താവളത്തിൽ നിന്നും അറസ്റ്റിലായത്. വ്യാജ രേഖയുണ്ടാക്കി നൂറ് കോടിയോളം രൂപയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നതാണ് കേസ്.
തമിഴ്‌നാട് സിബിസിഐഡിയാണ് ഇന്ന് (ജൂലൈ 16) എംആർ വിജയഭാസ്‌കറിനെ അറസ്റ്റ് ചെയ്‌തത്. വിജയഭാസ്‌കർ കേരളത്തിലേക്ക് കടന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാവായ വിജയഭാസ്‌കർ കഴിഞ്ഞ എടപ്പാടി പളനിസ്വാമി സർക്കാരിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.
പ്രകാശ് എന്നയാളുടെ കരൂരിലുള്ള ഭൂമി തട്ടിയെടുക്കാൻ മന്ത്രിയടക്കമുള്ള എട്ടുപേർ ശ്രമിച്ചെന്നാണ് കേസ്. വിജയഭാസ്‌കരിനൊപ്പം മറ്റൊരാള്‍ കൂടി പിടിയിലായിട്ടുണ്ട്. പീച്ചി വിലങ്ങന്നൂരിലെ വാടക വീട്ടിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. പീച്ചി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി.
Also Read: വ്യാജ ഒപ്പിട്ട് കോടികളുടെ ഭൂമി തട്ടിയെടുത്തു; അഹമ്മദാബാദിൽ വനിത അഭിഭാഷക പിടിയിൽ