തിരുവനന്തപുരം : മകന്‍റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചതില്‍ സന്തോഷമുണ്ടെന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥിന്‍റെ അച്ഛന്‍ ടി ജയപ്രകാശ്. കേസില്‍ സിബിഐ അന്വേഷണമുണ്ടായാല്‍ സത്യം തെളിയുമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയപ്രകാശ്.
പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി നിയമിതനായ ഡോ.കെ.എസ്.അനിൽ പഴയ വിസിമാരെ പോലെയല്ല. കാര്യഗൗരവമുള്ളയാളാണെന്ന് തോന്നിയെന്നും പിതാവ് പറഞ്ഞു. വളരെ വിശദമായാണ് കാര്യങ്ങൾ സംസാരിച്ചത്.
ആദ്യ ഘട്ടത്തിൽ സംസ്ഥാന സർക്കാരിന് സത്യം പുറത്തുകൊണ്ടുവരാൻ താത്പര്യമില്ലായിരുന്നു. പെർഫോമ റിപ്പോർട്ട് പോലും വൈകിപ്പിച്ചു. മുൻ വിസി വന്നിട്ട് ഒന്നും നടന്നില്ല. പുതിയ വിസിക്ക് കാര്യവിവരമുണ്ട്. അദ്ദേഹം എല്ലാം ചോദിച്ചറിഞ്ഞു. നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും പിതാവ് പറഞ്ഞു.
പ്രതികരണവുമായി വിസി ഡോ.കെഎസ് അനിൽ : സര്‍വകലാശാലയില്‍ നിയമിതനായതിന് ശേഷം താന്‍ സിദ്ധാര്‍ഥിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നുവെന്ന് വിസി ഡോ.കെഎസ് അനില്‍ പറഞ്ഞു. അന്വേഷണം കമ്മിഷന്‍റെ പരിധിയിൽ വരുന്നതാണെന്നും അതിനോട് സഹകരിക്കുമെന്നും അതിനുള്ള തുക സർവകലാശാല നൽകുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന് പറയാനുള്ളതെല്ലാം കേട്ടു. തന്‍റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും വിസി പറഞ്ഞു.