തിരുവനന്തപുരം: തൃശൂര്‍ പൂരത്തിനിടെ ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്‍റെ കാലിന് വയ്യായിരുന്നു. അതുകൊണ്ട് 15 ദിവസത്തോളം കാലില്‍ ഇഴഞ്ഞാണ് പൂരനഗരിയില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചായിരുന്നു സ്ഥലത്ത് എത്തിയത്. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ ഒരു രാഷ്ട്രീയവുമില്ലാത്ത യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും തുടര്‍ന്ന് ആംബുലൻസില്‍ കയറിയെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരം വിഷയത്തില്‍ സിബിഐയെ വിളിക്കാന്‍ ചങ്കൂറ്റമുണ്ടോ എന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു ചോദിച്ചു.
ഈ വിഷയങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് മറയ്ക്കാന്‍ പൂരം കലക്കല്‍ കൊണ്ടുവരുന്നു എന്നും സുരേഷ് ഗോപി ആരോപിച്ചു. ഇതിനകത്തൊക്കെ ജനങ്ങളുടെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആംബുലന്‍സില്‍ വന്നിറങ്ങിയെന്ന് പറഞ്ഞ ആളുടെ മൊഴിയെടുത്തിട്ടുണ്ടല്ലോ. ആ മൊഴിയില്‍ എന്താണ് കേസെടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു. പൂരം കലക്കല്‍ വിവാദത്തില്‍ പ്രത്യേക അന്വേഷണസംഘം എന്ത് വേണമെങ്കിലും ചെയ്‌തോട്ടെ എന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാഷ്ട്രീയം പ്രവര്‍ത്തിക്കാനുള്ള യോഗ്യതയില്ല മാധ്യമങ്ങള്‍ക്ക്. സത്യത്തെ മാധ്യമങ്ങള്‍ക്ക് പ്രതിഫലിപ്പിക്കാന്‍ സാധിക്കണം. ആരുടെയും അച്ഛന് വിളിച്ചിട്ടില്ല. വിളിക്കാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Also Read: 'മാധ്യമങ്ങൾക്ക് എന്താണോ തീറ്റ അവർ അത് മാത്രമേ എടുക്കൂ'; അധിക്ഷേപിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി