കോഴിക്കോട് : കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി സുരേഷ് ഗോപി കോഴിക്കോട്ടെത്തി. തളി ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം കോഴിക്കോട് ബിജെപി ഓഫിസിലും എത്തി. എയിംസ് വിഷയത്തിൽ എല്ലാവർക്കും ആഗ്രഹിക്കാൻ അവകാശമുണ്ടെന്ന് എം കെ രാഘവൻ എംപിക്ക് മറുപടിയെന്നോണം സുരേഷ് ഗോപി പറഞ്ഞു.
എയിംസ് എവിടെ സ്ഥാപിക്കണമെന്ന് 2016 ൽ താൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോൾ, അത് മുഖ്യമന്ത്രിയുടെ നാവാണ്, ചിന്തയാണ്. അതിനെയൊന്നും ചോദ്യം ചെയ്യാനോ ഖണ്ഡിക്കാനോയില്ല. അത് അവരുടെ പാർട്ടിക്കാർ തീർത്തോളുമെന്നും സുരേഷ് ഗോപി സൂചിപ്പിച്ചു.
കോഴിക്കോട് നിന്നും പതിനൊന്ന് മണിയോടെ കണ്ണൂരിലെത്തുന്ന സുരേഷ് ഗോപി മാടായിക്കാവ്, രാജരാജേശ്വര ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിൽ ദർശനം നടത്തും. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാർ ജി സ്‌മൃതി കുടീരത്തിലെത്തി പുഷ്‌പാർച്ചന നടത്തും. തുടർന്ന് കല്യാശ്ശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇ കെ നായനാരുടെ വീട്ടിലെത്തി ശാരദ ടീച്ചറെ സന്ദർശിക്കും. ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തും. പിന്നീട് അദ്ദേഹം തൃശൂരിലേക്ക് മടങ്ങും.
ALSO READ : കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം സുരേഷ് ഗോപി കേരളത്തിലേക്ക്: ആദ്യ സന്ദർശനം കോഴിക്കോടെന്ന് സൂചന