കോഴിക്കോട്: സ്ഥലപ്പേര് മാറ്റുന്ന വിവാദം ചൂടുപിടിക്കുന്നതിനിടെ സുൽത്താൻ ബത്തേരിയുടെ മറ്റ് പേരുകളാണ് പുതിയ ചർച്ച. ഗണപതി വട്ടം എന്ന പേരിനു മുൻപ് ബത്തേരിക്ക് മറ്റു പേരുകളും ഉണ്ടായിരുന്നുവെന്നാണ് ചരിത്രകാരന്മാർ വെളിപ്പെടുത്തികൊണ്ടിരിക്കുന്നത്. വയനാടിന്‍റെ മിക്ക പ്രദേശങ്ങളും ജൈനൻമാരുടെ താവളമായിരുന്നു.
ആ കാലത്ത് അവരുടെ പ്രധാന ജനവാസ കേന്ദ്രമായിരുന്ന ഇന്നത്തെ ബത്തേരി അവർക്ക് 'ഹന്നരഡു വീഥി' ആയിരുന്നു. 12 ജൈന തെരുവുകൾ ഉണ്ടായിരുന്നതിനെ സൂചിപ്പിച്ചാണ് ഹന്നരഡു വീഥി എന്ന പേരു വന്നത് എന്നാണ് ചരിത്രം. പിന്നീട് വളരെക്കാലം ഈ പേരിലാണ് ബത്തേരി അറിയപ്പെട്ടിരുന്നത്.
ഹൈന്ദവ വിശ്വാസികളായ ചെട്ടി സമുദായം ബത്തേരിയിൽ എത്തിയതോടെയാണ് ഗണപതി വട്ടം എന്ന പേരു വന്നത്. ബത്തേരി നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഗണപതി വട്ടം എന്ന പേരു വന്നത്. ഏകദേശം 300 വർഷം മുൻപാണ് ഗണപതി വട്ടം എന്ന പേര് ഉപയോഗിച്ച് തുടങ്ങിയത് എന്നാണ് പറയപ്പെടുന്നത്. പിന്നീട് കോട്ടയം രാജാക്കൻമാർ വന്നു. അവരുടെ കാലത്ത് 'പാറയ്ക്ക് മീത്തൽ' എന്നാണ് ബത്തേരി അറിയപ്പെട്ടിരുന്നത്.
വയനാട്ടിൽ എത്തിയ ടിപ്പു സുൽത്താന്‍റെ കാലത്ത് വയനാട് മൈസൂർ രാജഭരണത്തിന്‍റെ കീഴിലായി. ടിപ്പുവിന്‍റെ പ്രധാന താവളമാക്കി ബത്തേരിയേയും മാറ്റി. 13–ാം നൂറ്റാണ്ടിൽ നിർമിച്ച ജൈന ക്ഷേത്രം ടിപ്പു പിടിച്ചെടുക്കുകയും അത് തന്‍റെ ആയുധപ്പുരയാക്കി മാറ്റുകയും ചെയ്‌തു. ടിപ്പു സുൽത്താന്‍റെ ആയുധപ്പുര എന്ന അർഥത്തിൽ ‘സുൽത്താൻസ് ബാറ്ററി’ എന്ന് പിന്നീട് ബ്രിട്ടീഷുകാരും വിളിച്ചു. അത് ലോപിച്ച് സുൽത്താൻ ബത്തേരി ആയി മാറി.
ബത്തേരിയിൽ പലയിടത്തും ഇന്നും ഗണപതി വട്ടം എന്ന് ഉപയോഗിക്കുന്നുണ്ട്. ചിലര്‍ ലെറ്റർപാഡുകളിലുൾപ്പെടെ ഗണപതിവട്ടം എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഹന്നരഡു വീഥി എന്നാണ് ദീർഘകാലം ബത്തേരി അറിയപ്പെട്ടിരുന്നതെന്നത് മറ്റൊരു വശം. ഇനി ഇതിനെല്ലാം അപ്പുറം മറ്റൊരു 'പേര് ദോഷം' ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു എന്നതാണ് നാട്ടുകാരുടെ പ്രാർത്ഥന.