കോഴിക്കോട്: ചാത്തമംഗലം എൻഐടിയിൽ രാത്രി 11 മണിക്ക് ശേഷം വിദ്യാർഥികൾക്ക് നിയന്ത്രണമേർപ്പെടുത്തിയ ഡീനിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കി വിദ്യാർത്ഥികൾ. ഡീനിന്‍റെ ഓഫീസിനു മുൻപിലും എൻഐടി കോളേജിന്‍റെ പ്രധാന ഓഫീസിന് മുന്നിലുമാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുതൽ സമരം ആരംഭിച്ചത്. സമരത്തിന്‍റെ ഭാഗമായി എൻഐടി ക്യാമ്പസിന് അകത്തേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും പ്രവേശനം തടഞ്ഞു. ആർക്കും അകത്തേക്കോ പുറത്തേക്കോ പോകാൻ പറ്റാത്ത രീതിയിലാണ് വിദ്യാർഥികൾ ഗേറ്റുകൾക്ക് മുന്നിൽ കുത്തിയിരുന്ന് സമരം നടത്തുന്നത്.
നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി പാലിക്കുന്നതിന്‍റെ ഭാഗമായാണ് ഡീന്‍ പുതിയ ഉത്തരവിറക്കിയത്. ബുധനാഴ്‌ച (20-03-24) രാത്രി 11 മണി മുതലാണ് വിദ്യാർഥികൾക്ക് കർശന വിലക്ക് ഏർപ്പെടുത്തിയത്. 11 മണിക്ക് ശേഷം ക്യാമ്പസിന് അകത്തേക്ക് കടക്കുന്നതിനും, ഹോസ്‌റ്റലിന്‍റെ അകത്തേക്കും പുറത്തേക്കും പോകുന്നതിനും പറ്റാത്ത രീതിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
രാത്രി വൈകി ഉറങ്ങുന്നത് വിദ്യാർഥികളുടെ ആരോഗ്യത്തെയും, പഠനത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഡീൻ ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പുറത്തു വന്ന അന്നുതന്നെ വിദ്യാർഥികൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
എന്നാൽ ഉത്തരവ് പിൻവലിക്കാൻ തയ്യാറാവാത്തതാണ് ഇന്ന് വിദ്യാർഥികളെ ഇത്തരത്തിലൊരു സമരത്തിലേക്ക് എത്തിച്ചത്. സമരം ശക്തമായതിനെ തുടർന്ന് ശക്തമായ പൊലീസ് സന്നാഹവും എൻഐടി ക്യാമ്പസിനകത്തും പുറത്തും ഒരുക്കിയിട്ടുണ്ട്. ഇരു വിഭാഗങ്ങളുമായി പൊലീസ് ചർച്ച ആരംഭിച്ചു. എന്നാൽ ഇതുവരെ ഉത്തരവ് പിൻവലിക്കാൻ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
Also read : കോഴിക്കോട് എൻഐടി ക്യാമ്പസിൽ രാത്രിയില്‍ കർശന നിയന്ത്രണങ്ങള്‍ ; ഉത്തരവിറക്കി ഡീന്‍