കോഴിക്കോട്: റോഡ് നിർമ്മാണത്തിന് കൊണ്ടുവന്ന ഇരുമ്പ് കമ്പി മോഷണം നടത്തിയ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരെ പന്തീരാങ്കാവ് പൊലീസ് പിടികൂടി. അസാം ബാർപേട്ട സ്വദേശികളായ രഹന കഹത്തുൻ, ഐനൽ അലി, മൊയ്‌നൽ അലി, ജോയിനൽ അലി, മിലോൺ അലി, എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്.
ഞായറാഴ്‌ച (ജൂൺ 23) പുലർച്ചെ ഹൈവേ നിർമ്മാണത്തിന് കരാറെടുത്ത കെഎംസി കൺസ്ട്രക്ഷൻ ലിമിറ്റഡ് കമ്പനിയുടെ ഉപ കരാറുകാരായ ജാഫ്കോ കൺസ്ട്രക്ഷന്‍റെ വർക്ക് ഷെഡ്ഡിൽ കൂട്ടിയിട്ട കമ്പി മോഷ്‌ടിക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. 9 ലക്ഷം രൂപയോളം വില വരുന്ന കമ്പികളാണ് ഇവർ മോഷ്‌ടിച്ചത്.
നേരത്തെയും ഇവിടെനിന്ന് നിരവധി തവണ കമ്പികൾ മോഷണം പോയിരുന്നു. ഇതിനെ തുടർന്നാണ് കരാർ കമ്പനി ഈ ഭാഗത്ത് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചത്. ഇന്നലെ പുലർച്ചെ രണ്ടു പേർ കമ്പി എടുക്കുന്നതിനിടയിൽ സെക്യൂരിറ്റിക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഉടൻ തന്നെ ഇവരെ പിടികൂടുകയും പന്തീരങ്കാവ് പൊലീസിൽ വിവരമറിയിക്കുകയും ചെയ്‌തു. പൊലീസ് എത്തി രണ്ടു പേരെയും കസ്‌റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്ന് മറ്റ് മൂന്നുപേരെ കൂടി കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. കൊളത്തറ ഭാഗത്ത് ആക്രിക്കട നടത്തിവരുന്നവരാണ് ഇവരെന്നാണ് പൊലീസ് നൽകുന്ന വിവരം.
അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കും. പന്തിരങ്കാവ് പൊലീസ് ഇൻസ്പെക്‌ടർ വിനോദ് കുമാർ, എസ്ഐ മഹേഷ്, എസ്ഐ ഷംസുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലൈലാബി, പ്രമോദ്, ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
ALSO READ : കോട്ടയത്ത് പട്ടാപ്പകൽ മോഷണം ; 13 പവൻ സ്വർണവും 11,000 രൂപയും കവർന്നു