കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയായ കേളകം പഞ്ചായത്തിലെ കൃഷിയിടത്തില്‍ കണ്ടെത്തിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുളള സംഘം സ്ഥലത്തെത്തി. അഞ്ച് ഷൂട്ടര്‍മാരടങ്ങിയ സംഘമാണ് വനത്തില്‍ പ്രവേശിച്ചത്. കടുവ കാട്ടില്‍ അവശ നിലയില്‍ കഴിയുകയാണെന്നാണ് പ്രാഥമിക നിഗമനം. കാട്ടില്‍ കൊടും വരള്‍ച്ചയായതിനാല്‍ ജനവാസ കേന്ദ്രത്തില്‍ എത്തിയതായിരിക്കാം കടുവയെന്നാണ് വിവരം.
കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ അടക്കാതോട് മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിറക്കുഴി ബാബുവിന്‍റെ വീടിന് സമീപം എത്തിയ കടുവ റോഡ് മുറിച്ചു കടന്ന് റബ്ബര്‍ തോട്ടത്തില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് ചീങ്കണ്ണിപ്പുഴയുടെ ഭഗത്തേക്ക് കടുവ ഓടി മറഞ്ഞു. റോഡിലൂടെ പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രികനാണ് കടുവയുടെ ദൃശ്യം പകര്‍ത്തിയത്. ജനവാസ കേന്ദ്രത്തില്‍ എത്തിയ കടുവ അലഞ്ഞു തിരിഞ്ഞ് വെള്ള ടാങ്കിന് സമീപം കഴിയുകയായിരുന്നു.
കൊട്ടിയൂര്‍ റെയ്ഞ്ച് ഓഫീസര്‍ സുധീര്‍ നരോത്തിന്‍റെ നേതൃത്വത്തില്‍ വനംവകുപ്പുകാരും പേരാവൂര്‍ ഡിവൈഎസ്‌പി ടി കെ അഷ്റഫിന്‍റെ നേതൃത്വത്തില്‍ പൊലീസുകാരും സജ്ജരായി സ്ഥലത്തുണ്ട്. ജനങ്ങളില്‍ ഭീതി പരത്തി നാട്ടിലിറങ്ങി ചുറ്റി നടക്കുന്ന കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിരുന്നു. കൂട്ടില്‍ വീഴാതെ കടുവ ജനവാസ കേന്ദ്രങ്ങളില്‍ ചുറ്റി നടക്കുകയായിരുന്നു.
Also Read : ഒറ്റപ്ലാവ് പ്രദേശം കടുവ ഭീഷണിയില്‍ ; കടുവയെ കണ്ടെത്താനാകാതെ വനംവകുപ്പ്
ഡ്രോണ്‍ ഉപയോഗിച്ച് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഇക്കാരണത്താല്‍ തന്നെ മറ്റേതോ വന്യ ജീവിയാണ് എന്ന വാദത്തിലായിരുന്നു വനം വകുപ്പുകാര്‍. എന്നാല്‍ തദ്ദേശവാസികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രത്തിലൂടെയാണ് മേഖലയില്‍ കടുവയുടെ സാന്നിധ്യം ഉറപ്പിച്ചത്.