തിരുവനന്തപുരം: വന്യ ജീവി അക്രമണത്തിൽ സഭ നിർത്തിവച്ച് ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ അടിയന്തര പ്രമേയ നോട്ടിസിനിടെ താക്കീതുമായി സ്‌പീക്കർ എ എൻ ഷംസീർ. വനം ഭേദഗതി ബിൽ സർക്കാർ അറിഞ്ഞില്ലെന്നാണോ പറയുന്നതെന്ന് ചോദിച്ചതോടെയാണ് മാത്യു കുഴൽനാടന്‍റെ പ്രസംഗത്തിൽ സ്‌പീക്കർ ഇടപെട്ടത്.
വനം ബിൽ പിൻവലിച്ചുവെന്നും മാത്യു എന്താണ് വിളിച്ചു പറയുന്നതെന്നും ചോദിച്ചായിരുന്നു സ്‌പീക്കറുടെ ഇടപെടൽ. വനം വന്യ ജീവി അക്രമണമാണ് എഴുതി തന്നത്. വനം ഭേദഗതി നിയമം ഇവിടെ പറയേണ്ട കാര്യമില്ല. അടിയന്തര പ്രമേയത്തിനകത്തു നിന്ന് സംസാരിക്കണമെന്നും നിങ്ങളുടെ എല്ലാ പ്രകടനവും അവതരിപ്പിക്കേണ്ട വേദിയല്ലിതെന്നും സ്‌പീക്കർ എ എൻ ഷംസീർ മാത്യു കുഴൽനാടനെ താക്കീത് ചെയ്‌തു.
ഇതിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ബഹളവുമുണ്ടായി. സ്‌പീക്കറുടെ ഇടപെടലിൽ ഇതെന്തു കഷ്‌ടമാണെന്ന് ചോദിച്ചായിരുന്നു മാത്യു കുഴൽനാടന്‍റെ ആദ്യത്തെ പ്രതികരണമെങ്കിലും പിന്നീട് വഴങ്ങി. ഇതിനിടെ സ്‌പീക്കറുടെ ശ്രദ്ധ ഭരണകക്ഷി എംഎൽഎമാരെ അനുനയിപ്പിക്കുന്നതിലേക്ക് തിരിഞ്ഞതോടെ വന്യ ജീവി അക്രമണവുമായി ബന്ധമില്ലാത്തതാണോ വന നിയമമെന്നും പറയുമ്പോൾ പൊള്ളുന്നത് എന്തു കൊണ്ടാണെന്നും മാത്യു ചോദിച്ചു.
കെ എം മാണി ഉണ്ടായിരുന്നപ്പോൾ മലയോര മേഖലയുടെ ശബ്‌ദം സഭയുടെ അകത്തളങ്ങളിൽ ഉയരുമായിരുന്നുവെന്നും യുഡിഎഫിന്‍റെ മലയോര സംരക്ഷണ ജാഥയിൽ കേരള കോൺഗ്രസുകാർ പങ്കെടുത്തു പ്രായശ്ചിതം ചെയ്യണമെന്നും മാത്യു കുഴൽനാടൻ എം എൽ എ അടിയന്തര പ്രമേയ അവതരണത്തിനിടെ പറഞ്ഞു.