ഇടുക്കി: സ്വപ്‌നങ്ങൾ സ്വന്തമാക്കാൻ സമയവും സാഹചര്യവും ഒന്നും തടസമല്ലെന്ന് തെളിയിക്കുകയാണ് ഇടുക്കി നെടുംകണ്ടം സ്വദേശിനിയായ സോഫിയ ജെയിംസ്. മൂന്ന് കുട്ടികളുടെ അമ്മയായ സോഫിയ ഇന്ന് റാമ്പുകളിലെ മിന്നും താരമാണ്. വിവിധ സൗന്ദര്യ മത്സര വേദികൾ കീഴടക്കിയ നിശ്ചയദാർഢ്യത്തിന്‍റെ വിജയഗാഥയാണ് സോഫിയക്ക് പറയാനുളളത്.
കഴിഞ്ഞ മെയ്യില്‍ ജെയ്‌പൂരിൽ നടന്ന മിസിസ് ഇന്ത്യ മത്സരത്തിൽ മികച്ച വ്യക്തിത്വത്തിനുള്ള ഗോൾഡൻ ഹാർട്ട് പുരസ്‌കാരം, മിസിസ് കേരള വേദിയിൽ ബ്യൂട്ടിഫുൾ സ്‌കിൻ ടൈറ്റിൽ, നവംബറിൽ യുഎംബി പേഗന്‍റ് ഡൽഹിയിൽ വച്ച് നടത്തിയ മിസിസ് ഇന്ത്യ മത്സരത്തിൽ ഫൈനലിസ്‌റ്റുകളിൽ ഒരാൾ. 41 കാരിയായ സോഫിയ റാമ്പുകളിൽ നിന്ന് നേടിയെടുത്തത് സ്വപ്‌ന തുല്യമായ നേട്ടങ്ങളാണ്.
എൽഐസി നെടുംകണ്ടം ഡിവിഷനിലെ ഡവലപ്മെന്‍റ് ഓഫിസറായ സോഫിയ, മൂന്ന് കുട്ടികളുടെ അമ്മയായ ശേഷമാണ് കോളജ് കാലഘട്ടം മുതൽ ഒപ്പം ചേർന്ന ഫാഷൻ സ്വപ്‌നങ്ങളിലേക്ക് വീണ്ടും നടന്ന് തുടങ്ങിയത്. ആർക്കിടെക്ച്ചറായ ഭർത്താവ് എബ്രഹാമിന്‍റെ നിർബന്ധത്തെ തുടർന്നായിരുന്നു 2023ലെ മിസിസ് കേരള മത്സരത്തിനായി അപേക്ഷ സമർപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മിസിസ് കേരള മത്സരത്തിന് മുന്നോടിയായുള്ള ഒഡിഷൻ കഴിഞ്ഞ ശേഷം ഏതാനും ദിവസങ്ങൾ മാത്രമാണ് തയ്യാറെടുപ്പിനായി ലഭിച്ചത്. ഓൺലൈൻ പരിശീലന ക്ലാസിൽ പങ്കെടുത്തും മുൻ മത്സരങ്ങളുടെ വീഡിയോകൾ കണ്ടും നേടിയ ആത്മവിശ്വാസം മാത്രം കൈമുതലാക്കിയാണ് റാമ്പിൽ ഇറങ്ങിയത്. ആദ്യ മത്സര വേദിയിൽ നിന്ന് ലഭിച്ച ഊർജം കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ കരുത്ത് നല്‍കി.
വനിത ദിനത്തോട് അനുബന്ധിച്ച് ഫോർഏവർ സ്റ്റാർ ഇന്ത്യ നടത്തിയ സൂപ്പർ വുമൺ സൂപ്പർ ഹിറോ മത്സരത്തിലെ മൾട്ടി ടാലന്‍റ് പുരസ്‌കാരം, ദിവ പ്ലാനറ്റിന്‍റെ ഇൻസ്‌പിരേഷണൽ വുമൺ റോൾ മോഡൽ പുരസ്‌കാരം, ഇങ്ങനെ സോഫിയയുടെ നേട്ടങ്ങളുടെ നിര ഇനിയും ഒരുപാടുണ്ട്. ഇനി മിസിസ് ഇന്ത്യ ഗ്ലോബിന്‍റെ സീസൺ എട്ട് മത്സരത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് സോഫിയ.
Also Read: മിസ് ടീൻ യൂണിവേഴ്‌സ് 2024 കിരീടം ചൂടി ഒഡീഷ കോളേജ് വിദ്യാര്‍ത്ഥിനി തൃഷ്‌ണ റേ