തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം ആലസ്യത്തിലാണ്ടു കിടക്കുന്ന സിപിഎമ്മിനുമേല്‍ ഉഗ്രശേഷിയുള്ള ബോംബായി പതിക്കുകയാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമയുടെ തിരുവനന്തപുരം മുന്‍ ചീഫ് ഓഫ് ബ്യൂറോയുമായ ജോണ്‍ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് 2014 ല്‍ എല്‍ഡിഎഫ് നടത്തിയ സോളാര്‍ സമരം ഒത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ട് മധ്യസ്ഥത വഹിക്കാന്‍ കൈരളി ടിവി എംടിയും മാധ്യമ പ്രവര്‍ത്തകനും നിലവിലെ രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസ് വിളിച്ചുവെന്ന മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലാണ് സിപിഎമ്മിനെ അനവസരത്തില്‍ വല്ലാതെ ഉലച്ചിരിക്കുന്നത്.
സോളാര്‍ പരാതിക്കാരിക്കുവേണ്ടി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെ ചിലരും ഇടപെട്ടുവെന്ന അന്നത്തെ വിവിധ വെളിപ്പെടുത്തലുകൾ ആയുധമാക്കി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഎമ്മും എല്‍ഡിഎഫും ആരംഭിച്ച സെക്രട്ടേറിയറ്റ് സമരം ലക്ഷ്യം കാണും മുന്‍പെ പൊടുന്നനെ അവസാനിപ്പിച്ചത് രഹസ്യ ഡീലാണെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. അതിനാണ് ഇപ്പോള്‍ അടിവര വീണിരിക്കുന്നത്. മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തല്‍ സൃഷ്‌ടിച്ച പ്രകമ്പനം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണെങ്കിലും സിപിഎം അണികളും മാധ്യമങ്ങളും കേരളത്തിലെ പൊതു മണ്ഡലവും അന്നത്തെ 'ഡീല്‍' സംബന്ധിച്ച കൂടുതല്‍ വിവരങ്ങളോ വെളിപ്പെടുത്തലോ പുറത്തു വിട്ടിട്ടില്ല.
ജോണ്‍ മുണ്ടക്കയത്തിന്‍റെ ആരോപണം തള്ളിയ ജോണ്‍ ബ്രിട്ടാസ്, അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, അന്ന് കോണ്‍ഗ്രസ് വിട്ട് കൈരളി ടിവിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു വന്ന ചെറിയാന്‍ ഫിലിപ്പിന്‍റെ ഫോണിലേക്ക് വിളിച്ച് തന്നോട് സംസാരിക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങളോടു പറഞ്ഞത്. മാത്രമല്ല, മുണ്ടക്കയം തന്നെ വിളിച്ചിട്ടേയില്ലെന്നും ബ്രിട്ടാസ് വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആരംഭിച്ച സമരം പൊടുന്നനെ മുഖ്യമന്ത്രിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യത്തിലേക്ക് മാറിയതെന്തിനെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നല്‍കിയില്ല. തങ്ങളുടെ സമരത്തിന്‍റെ ഫലമായാണ് ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യവും അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉള്‍പ്പെടുത്താന്‍ തയ്യാറായതെന്നും ഉള്ള പുതിയ അവകാശവാദം അദ്ദേഹം ഉന്നയിക്കുകയായിരുന്നു.
ജോണ്‍ ബ്രിട്ടാസിന്‍റെ വെളിപ്പെടുത്തലിനു പിന്നാലെ മാധ്യമങ്ങളെ കണ്ട് ചെറിയാന്‍ ഫിലിപ്പ് ജോണ്‍ ബ്രിട്ടാസിന്‍റെ അവകാശ വാദങ്ങള്‍ സ്ഥിരീകരിച്ചു. സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് തന്‍റെ സുഹൃത്തു കൂടിയായ തിരുവഞ്ചൂര്‍ തന്നോട് ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ ഇക്കാര്യം ജോണ്‍ ബ്രിട്ടാസിനോട് പറഞ്ഞതെന്നും ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും സമരം അവസാനിപ്പിക്കാന്‍ താത്പര്യമുണ്ടായിരുന്നെന്നും വ്യക്തമാക്കി. സംഭവത്തിനു പിന്നില്‍ ഒരു ഡീലുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോണ്‍ മുണ്ടക്കയത്തിന്‍റെ ആരോപണത്തെ കുറിച്ച് തനിക്ക് ഒരറിവുമില്ലെന്നും ചെറിയാന്‍ പറയുന്നു. ഒത്തു തീര്‍പ്പു വ്യവസ്ഥകള്‍ ഉണ്ടായിരുന്നോ ഇല്ലെയോ എന്നൊന്നും തുറന്നു പറയാന്‍ തയ്യാറായില്ലെങ്കിലും സമരം അവസാനിപ്പിക്കണമെന്ന ആഗ്രഹം ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഉണ്ടായിരുന്നതു കൊണ്ടാണ് സമരം തീര്‍ന്നതെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നത് രാഷ്‌ട്രീയ മര്യാദയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജോണ്‍ മുണ്ടക്കയം തുറന്നു വിട്ട ഭൂതം സിപിഎമ്മിനെ ചൂഴ്ന്നു നില്‍ക്കുകയാണെങ്കിലും സമരം അവസാനിപ്പിക്കുന്നതിലേക്ക് എല്‍ഡിഎഫിനെ നയിച്ച ചേതോവികാരമെന്തെന്ന് ഇനിയും പുറത്തായിട്ടില്ല. ഇക്കാര്യങ്ങളൊക്കെ നന്നായറിയാവുന്ന വ്യക്തിയാകട്ടെ ഇന്നു നമുക്കൊപ്പമില്ല. അത് സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയാണ്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇന്ന് മാധ്യമങ്ങള്‍ അദ്ദേഹത്തിനെ ഇടം വലം തിരിയാനനുവദിക്കാതെ പൊതിയുമായിരുന്നു. എല്ലാ സത്യവുമറിയുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ ആ സത്യവും സ്വര്‍ഗത്തിലേക്കു പോയെന്നു വിശ്വസിക്കാനാകില്ല. വൈകിയാണെങ്കിലും മുണ്ടക്കയം ഉയര്‍ത്തിയതു പോലുള്ള വെളിപ്പെടുത്തല്‍ ഡീലിനെ സംബന്ധിച്ചും ഉണ്ടാകാനുള്ള സാദ്ധ്യത തള്ളാനാകില്ല.
Also Read: സ്‌ത്രീ വിരുദ്ധ പരാമര്‍ശം: കെഎസ് ഹരിഹരനെ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിട്ടു