ആലപ്പുഴ: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും മകനും സന്ദർശിച്ചതിന്‍റെ തെളിവ് പുറത്തുവിട്ട് ആലപ്പുഴ ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥിയും ബിജെപി ഉപാധ്യക്ഷയുമായ ശോഭ സുരേന്ദ്രൻ. ജനുവരി 18 ന് എറണാകുളം റെനിയസ്സൻസ് (Reniassance) ഹോട്ടലിൽ വെച്ചാണ് ജയരാജന്‍റെ മകനുമായി കൂടിക്കാഴ്‌ച നടത്തിയത്. ഇതിന്‍റെയെല്ലാം വാട്‌സ്‌ആപ്പ് ചാറ്റുകൾ തന്‍റെ പക്കൽ ഉണ്ടെന്നും അവർ അവകാശപ്പെട്ടു.
എല്ലാക്കാലത്തും മാധ്യമങ്ങളോട് ബഹുമാനത്തോടുകൂടിയാണ് പെരുമാറിയിട്ടുള്ളത്. കേരളത്തിലെ ഒരു പ്രമുഖ മാധ്യമപ്രവർത്തകനെ പിണറായി വിജയന്‍റെ പൊലീസ് അറസ്‌റ്റ് ചെയ്‌തപ്പോൾ അദ്ദേഹത്തെ സന്ദർശിച്ച ഏക രാഷ്ട്രീയക്കാരി താനാണ്. എന്നാൽ, തന്‍റെ വ്യക്തിജീവിതത്തിനെതിരെ അപമാനകരമായ പ്രസ്‌താവന നടത്തുന്ന ഒരാൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് നടത്തുന്ന കാര്യങ്ങൾ സത്യമാണോ എന്ന് പരിശോധിക്കാതെ പ്രസിദ്ധീകരിക്കുന്നത് വേദനയുളവാക്കി.
സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പ്രസ്‌താവനകൾക്കെതിരെ സ്ത്രീത്വത്തെ അധിക്ഷേപിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത് അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.