തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സൂപ്പർ ഫാസ്റ്റ് മുതലുള്ള ബസുകളിൽ യാത്രക്കാർക്ക് ലഘുഭക്ഷണവും വെള്ളവും വാങ്ങി ഉപയോഗിക്കാനാകുന്ന സംവിധാനം വരുന്നു. പണം ഡിജിറ്റലായോ അല്ലാതെയോ നൽകി ലഘുഭക്ഷണവും വെള്ളവും വാങ്ങി ഉപയോഗിക്കാവുന്ന ക്രമീകരണമാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരം നടപ്പിലാക്കാനൊരുങ്ങുന്നത്. മന്ത്രിയുടെ നിർദേശപ്രകാരം ഇത് എങ്ങനെ പ്രായോഗികമായി നടപ്പാക്കാമെന്ന് പരിശോധിക്കുകയാണെന്ന് ജനറൽ മാനേജർ (നോർത്ത് സോൺ) സരിൻ എസ്എസ് ഇടിവി ഭാരതിനോട് പറഞ്ഞു.
മാലിന്യം സംസ്‌കരിക്കേണ്ട ചുമതല കരാർ എടുക്കുന്ന ഏജൻസിക്കായിരിക്കും. ഇതിന് പുറമെ പ്രധാന ഡിപ്പോകളിലെ കാന്‍റീൻ നടത്തിപ്പ് പ്രധാന ഹോട്ടൽ ഗ്രൂപ്പുകൾക്ക് 5 വർഷത്തേക്ക് നൽകാനും തീരുമാനിച്ചു. ഈ മേഖലയിൽ പരിചയമുള്ളവർക്കേ കരാർ നൽകാവൂ എന്നാണ് മന്ത്രിയുടെ നിർദേശം. മന്ത്രി നിർദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസിൽ യാത്രക്കാർക്ക് ലഘു ഭക്ഷണവും പാനീയവും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സജ്ജീകരണം ഏർപ്പെടുത്തിയിരുന്നു.
യാത്രക്കാരിൽ നിന്നും പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു തീരുമാനം. ലഘു ഭക്ഷണവും പാനീയവും ബസിനുള്ളിൽ പ്രത്യേകമായി തയ്യാറാക്കിയ റാക്കിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കണ്ടക്‌ടർക്ക് തുക നൽകി ആവശ്യമുള്ള യാത്രക്കാർക്ക് ലഘുഭക്ഷണവും പാനീയവും വാങ്ങാവുന്നതാണ്.
ALSO READ: ഡബിൾ ഡെക്കർ ബസിൽ ലഘു ഭക്ഷണവും പാനീയവും; തീരുമാനം യാത്രക്കാരിൽ നിന്നുള്ള പരാതികളെ തുടർന്ന്