എറണാകുളം: പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രാഥമിക കുറ്റപത്രം സിബിഐ ഹൈക്കോടതിയിൽ ഹാജരാക്കി. പകർപ്പ് പ്രതികൾക്ക് നൽകാനും കോടതി നിർദേശിച്ചു. കേസിലെ എട്ട് പ്രതികളുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി വെളളിയാഴ്‌ചത്തേക്ക് മാറ്റി.
സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതേസമയം ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നും 60 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണെന്നും ജാമ്യം നൽകണമെന്നുമാണ് ഹർജിക്കാരുടെ വാദം. വിദ്യാർത്ഥികളായ തങ്ങളുടെ ഭാവി കണക്കിലെടുക്കണമെന്നും ഇവർ വാദമുന്നയിച്ചിരുന്നു.
Also Read: സിദ്ധാര്‍ത്ഥിന്‍റെ മരണം: പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
കേസിലെ സാക്ഷികളെല്ലാം പ്രതികളുടെ സഹപാഠികളാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും സിബിഐ മറുവാദമുന്നയിച്ചിട്ടുണ്ട്. കീഴ്‌ക്കോടതി ജാമ്യഹർജി തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത് .
ഇക്കഴിഞ്ഞ ഫെബ്രുവരി 18-നാണ് സിദ്ധാർത്ഥനെ സർവകലാശാല ഹോസ്റ്റലിലെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എഫ്ഐ പ്രവർത്തകരായ പ്രതികളുടെ ക്രൂര മർദ്ദനത്തെ തുടർന്നായിരുന്നു മരണം.