എറണാകുളം : വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥിന്‍റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്ര സർക്കാർ ഉടൻ വിജ്ഞാപനമിറക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. സിദ്ധാർഥിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വൈകുന്നതിനെതിരെ അച്ഛൻ ജയപ്രകാശ് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.
സിബിഐ അന്വേഷണം വൈകുന്നതിന് ആരാണ് ഉത്തരവാദിയെന്നു ചോദിച്ച കോടതി
രേഖകൾ കൈമാറാൻ കാലതാമസം വരുത്തിയത് എന്തിനെന്നും സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു. തുടർന്ന് അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് കേന്ദ്ര സർക്കാർ ഉടൻ വിജ്ഞാപനമിറക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
വിജ്ഞാപനത്തിന്‍റെ വിശദാംശങ്ങൾ അടുത്തയാഴ്‌ച ഹർജി പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ കോടതിയെ അറിയിക്കണം. അന്വേഷണം വൈകുന്നത് നീതി പരാജയപ്പെടുന്നതിന് കാരണമാകും കൂടാതെ കേസിനെ സാരമായി ബാധിക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു. സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്‍റെ ഭാഗത്തു നിന്നും ബോധപൂർവം ശ്രമമുണ്ടെന്നാരോപിച്ചായിരുന്നു സിദ്ധാർഥിന്‍റെ അച്ഛൻ ജയപ്രകാശ് കോടതിയെ സമീപിച്ചത്.
കൂടാതെ അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐയ്ക്ക് നൽകേണ്ട ഔദ്യോഗിക അപേക്ഷയുടെ നടപടി ക്രമങ്ങൾ വൈകിപ്പിച്ചതിന് സർക്കാരിന് ചില പദ്ധതികൾ ഉണ്ട്. സർക്കാർ വഞ്ചന കാട്ടിയത് കുറ്റക്കാരായ സ്വന്തം പാർട്ടിക്കാരെ സംരക്ഷിക്കുവാനാണെന്നും ഹർജിയിൽ ജയപ്രകാശ് ഉന്നയിച്ചിരുന്നു.
ALSO READ: സിബിഐ അന്വേഷണം വൈകുന്നതിനെതിരെ സിദ്ധാര്‍ത്ഥിന്‍റെ പിതാവ് ഹൈക്കോടതിയില്‍