ഷിരൂര്‍ (കര്‍ണാടക) : ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരും. മൂന്നാം ഘട്ടം ആരംഭിച്ച തെരച്ചിലിന്‍റെ ആറാം ദിവസമാണിന്ന്. ഉത്തര കന്നഡയില്‍ റെഡ് അലര്‍ട്ട് തുടരുന്ന സാഹചര്യത്തിലാണ് തെരച്ചില്‍ എന്നതും നിര്‍ണായകമാണ്.
മഴയുടെ ശക്തി വര്‍ധിച്ചാല്‍ ഡ്രഡ്‌ജിങ് താത്‌കാലികമായി നിര്‍ത്തിവയ്‌ക്കാനാണ് അധികൃതരുടെ തീരുമാനം. മേഖലയില്‍ ഇന്നലെ രാവിലെ മഴ പെയ്‌തിരുന്നെങ്കിലും ഡ്രഡ്‌ജിങ്ങിനെ ബാധിച്ചിരുന്നില്ല. ഇന്നലെ നടന്ന തെരച്ചിലിലും അര്‍ജുന്‍റെ ലോറിയുടെ ഭാഗങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല.
അതേസമയം, അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തിവയ്‌ക്കില്ലെന്ന് ജില്ല ഭരണകൂടം കുടുംബത്തിന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥയാണെങ്കില്‍ താത്‌കാലികമായി മാത്രം തെരച്ചില്‍ നിര്‍ത്തിവച്ചേക്കുമെന്നും ഭരണകൂടം അറിയിക്കുകയുണ്ടായി. ഷിരൂരിലെ തെരച്ചില്‍ തൃപ്‌തികരമാണെന്ന് അര്‍ജുന്‍റെ കുടുംബവും പ്രതികരിച്ചിരുന്നു. തിങ്കളാഴ്‌ച അര്‍ജുന്‍റെ സഹോദരിയും ഭര്‍ത്താവും ഡ്രഡ്‌ജറില്‍ എത്തി തെരച്ചില്‍ നിരീക്ഷിക്കുകയും ചെയ്‌തിരുന്നു.
മഴയ്‌ക്കൊപ്പം ഇടിഞ്ഞെത്തിയ മണ്ണ്, അര്‍ജുനൊപ്പം കാണാതായത് രണ്ടുപേരെ : ജൂലൈ 16 ന് രാവിലെ 9 മണിയോടെയാണ് കര്‍ണാടകയിലെ കാര്‍വാര്‍ അങ്കോളയ്‌ക്ക് സമീപം മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് റോഡിലേക്ക് വീണതോടെ നിരവധി വാഹനങ്ങള്‍ കുടുങ്ങുകയായിരുന്നു. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കോഴിക്കോട് മുക്കം കണ്ണാടിക്കൽ സ്വദേശിയുടെ ലോറിയും അപകടത്തിൽപ്പെട്ടതായി സൂചന ലഭിച്ചു.
ലോറിയുടെ അവസാന ജിപിഎസ് കാണിച്ചിരിന്നത് അപകട സ്ഥലത്തായിരുന്നു. തടി കയറ്റി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിൽ ഡ്രൈവർ അർജുൻ മാത്രമാണ് ഉണ്ടായിരുന്നത്. 12 പേരാണ് ഈ അപകടത്തില്‍ മരിച്ചത്. ഡ്രൈവർ അർജുനും ലോറിയും മണ്ണിനടിയിൽ അകപ്പെട്ടു. കര്‍ണാടകയേയും കേരളത്തെയും ഒരുപോലെ ഉലച്ച അപകടമായിരുന്നു ഇത്.
അര്‍ജുന്‍റെ ലോറി കണ്ടെടുക്കാൻ പിന്നീട് ഗംഗാവലി പുഴയില്‍ പത്ത് റൗണ്ട് ഡ്രോണ്‍ പരിശോധന. ഇതില്‍ മൂന്ന് സ്ഥലത്ത് വ്യക്തമായ ലോഹസാന്നിധ്യം കണ്ടെത്തുന്നു. അപ്പോഴും അര്‍ജുനെ കുറിച്ചും ഒപ്പം കാണാതായ രണ്ടുപേരെ കുറിച്ചും വിവരം ലഭിച്ചില്ല. കേരളത്തിൽ നിന്ന് മന്ത്രിമാർ അടക്കം ഷിരൂരിലെത്തി രക്ഷാദൗത്യത്തിന് നേതൃത്വം കൊടുത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുങ്ങൽ വിദഗ്‌ധന്‍ ഈശ്വർ മൽപെയും രക്ഷാപ്രവര്‍ത്തനത്തിനെത്തി. എന്നാൽ നിരാശയായിരുന്നു ഫലം. വയനാട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ രക്ഷാസംഘവും വയനാട്ടിലേക്ക് നീങ്ങിയപ്പോള്‍ ഷിരൂര്‍ മന്ദഗതിയിലായി. തെരച്ചിൽ വീണ്ടും തുടരണമെന്ന ആവശ്യവുമായി അർജുന്‍റെ കുടുംബം മുന്നോട്ടുവന്നു. ഒരുപാട് പ്രതിസന്ധികൾക്കൊടുവിൽ ഗോവയിൽ നിന്ന് ഡ്രഡ്‌ജര്‍ എത്തിച്ച് അർജുനുൾപ്പെടെയുള്ള മൂന്ന് പേർക്കായി സെപ്‌റ്റംബർ 20 ന് വീണ്ടും തെരച്ചിൽ ആരംഭിച്ചു.