കാസർകോട്: എല്ലാ ആരാധനാലയങ്ങൾക്കും ഒരു ചരിത്രം പറയാനുണ്ടാകും. അത്തരത്തിൽ ഒരു ചരിത്രം കാസർകോട് കോട്ടിക്കുളത്തുള്ള തൃക്കണ്ണാട് ക്ഷേത്രത്തിനുമുണ്ട്. പാണ്ഡ്യരാജാവിന്‍റെ കപ്പലുകൾ പാറക്കല്ലായി മാറിയ കഥയാണ് തൃക്കണ്ണാടിന് പറയാനുള്ളത്. നൂറ്റാണ്ടുകൾക്ക് മുമ്പ് തൃക്കണ്ണാട് ക്ഷേത്രം ആക്രമിച്ച പാണ്ഡ്യരാജാവിന്‍റെ മൂന്ന് കപ്പലുകൾ പാറയായി മാറിയെന്നാണ് ഐതീഹ്യം. അങ്ങനെ അത് പാണ്ഡ്യൻ കല്ല് എന്ന് അറിയപ്പെട്ടു.
ക്ഷേത്രത്തിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് കടലിൽ കപ്പലുകൾ എന്ന് പറയുന്ന പാറക്കല്ലുകൾ ഉള്ളത്. കപ്പൽ പാറക്കല്ല് ആയത് ഐതീഹ്യം ആണെങ്കിലും പാണ്ഡ്യർ ഇവിടെ എത്തിയിരിക്കാമെന്നും അതിന് ചില തെളിവുകൾ ഉണ്ടെന്നുമാണ് ചരിത്ര ഗവേഷകൻ ഡോ. നന്ദകുമാർ കൊറോത്ത് പറയുന്നത്.
സാഹസിക നീന്തൽ വിദഗ്‌കര്‍ക്ക് അനുയോജ്യമായ സ്ഥലമാണ് പാണ്ഡ്യൻ കല്ല്. പാണ്ഡ്യ രാജാവ് കടലിൽ നിന്ന് ക്ഷേത്രം ആക്രമിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ ശിവൻ അവരുടെ കപ്പലിന് തീ കൊളുത്തിയെന്നും തകർന്ന കപ്പൽ ഒടുവിൽ പാറയായി രൂപാന്തരപ്പെടുകയും ചെയ്‌തുവെന്നും അതിനെ പാണ്ഡ്യൻ കല്ല് എന്ന് നാമകരണം ചെയ്യുകയും ചെയ്‌തൂവെന്നും പറയപ്പെടുന്നു. എന്നാൽ കപ്പൽ ആക്രമിക്കാൻ വന്നപ്പോൾ ക്ഷേത്രത്തിലെ പൂജാരി കടലിലേക്ക് പൂജാസാധനങ്ങൾ എറിഞ്ഞുവെന്നും അങ്ങനെ കപ്പൽ പാറ ആയെന്നും ചിലർ പറയുന്നു. ഏറ്റവും ധൈര്യശാലികളായ നീന്തൽ വിദഗ്‌ധര്‍ക്ക് മാത്രമെ പാണ്ഡ്യൻ കല്ലിലേക്ക് യാത്ര ചെയ്യാൻ കഴിയൂവെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്തും വേലിയേറ്റ സമയത്തും വെള്ളത്തില്‍ ഇറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരിൽ പ്രധാനിയായ രാജ രാജ ചോളൻ വടക്ക് നിന്ന് തെക്കോട്ട് അറബിക്കടലിലൂടെ പടക്കപ്പലിൽ ജൈത്രയാത്ര നടത്തുന്നതിനിടെ ക്ഷേത്രത്തിന് നേരെ നടത്തിയ പീരങ്കി ആക്രമണത്തിന്‍റെ തെളിവുകൾ ഇപ്പോഴും കാണാമെന്ന് നാട്ടുകാർ പറയുന്നു . ദിഗ് വിജയത്തിനായി പുറപ്പെട്ട രാജാവ് ആറാട്ടുത്സവം നടക്കുകയായിരുന്ന ക്ഷേത്രത്തിൽ ദീപപ്പൊലിമകളും ദീപ പ്രകാശം കൊണ്ട് ശോഭിക്കുന്ന സ്വർണ ധ്വജസ്‌തംഭം, താഴിക ക്കുടങ്ങളും നിലവറ കൊട്ടാരങ്ങളും വൻ ജനപ്രവാഹവും കണ്ട് ശത്രുസൈന്യ സങ്കേതമാണോയെന്ന് സംശയിക്കുകയായിരുന്നു.
ധ്വജസ്‌തംഭം, ധാന്യകൊട്ടാരവും മറ്റും കത്തി ചാമ്പലായി. വിഗ്രഹത്തിന്‍റെ ശിരോ ഭാഗത്തെ പോറൽ ഇപ്പോഴും കാണാം. ഇതിൽ രോഷം പൂണ്ട ത്രയംബകേശ്വരൻ (ശിവൻ ) നേത്രാഗ്നി കൊണ്ടു 3 കപ്പലുകളെയും കരിങ്കല്ലുകളാക്കിയെന്നാണ് പ്രധാനമായും ഐതിഹ്യത്തിൽ പറയുന്നത്. ധാന്യപ്പുര കത്തിച്ചാമ്പലായ സ്ഥലത്ത് മൂവാളം കുഴി ചാമുണ്ഡി തെയ്യക്കോലം തിരുവുറയൽ സമയത്ത് ഇന്നും മണലിൽ നിന്ന് കരിഞ്ഞ അരി പൊങ്ങുന്നതായി കാണാം. പാണ്ഡ്യൻ കല്ലിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള തൃക്കനാട് ശിവക്ഷേത്രവും കോട്ടിക്കുളം ഗ്രാമത്തിന് പ്രസിദ്ധമാണ്. പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും പേരുകേട്ട ഈ ക്ഷേത്രം അറബിക്കടലിൻ്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
പരമശിവന്‍റെ പ്രതിഷ്‌ഠയുള്ള ക്ഷേത്രം: ഗോകർണം ക്ഷേത്രം വിട്ടാൽ കടലിന് അഭിമുഖമായി പരമശിവന്‍റെ പ്രതിഷ്‌ഠയുള്ള ക്ഷേത്രമാണ് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം. ബേക്കൽ പുഴയ്ക്ക് അര കിലോമീറ്റർ വടക്ക് കെഎസ്‌പിപി റോഡരികിലാണ് ക്ഷേത്രം. ദേവ പ്രതിഷ്‌ഠ നടത്തിയത് ദേവ ഗുരുവായ ബൃഹസ്‌പതിയാണെന്നും കണ്വമഹർഷിയാണെന്നും രണ്ട് ഐതിഹ്യങ്ങളുണ്ട്.
പരശുരാമൻ കുറേക്കാലം ഇവിടെ തപസ് ചെയ്‌ത് പിതൃക്കൾക്കായി ഈ ക്ഷേത്രത്തിൽ ബലി കർമങ്ങളും യാഗ ഹോമാദികളും ചെയ്‌തിരുന്നുവെന്നാണ് വിശ്വാസം. ധന ധാന്യ സമ്പത്ത്, നിലവറ കൊട്ടാരങ്ങൾ, സ്വർണ ധ്വജസ്‌തംഭം എന്നിവയോടെ 18 ഗ്രാമങ്ങളിൽ ഭൂസ്വത്തുക്കളോടു കൂടി രാജകീയ പ്രതാപത്തോടെ ദേശാധിപത്യ ദേവനായി വിലസിയിരുന്നതാണ് ക്ഷേത്രം. കുംഭ മാസത്തിലെ ആറാട്ട് ഉത്സവം, ശിവരാത്രി, കന്നി 30ന് കാവേരി സംക്രമം, കർക്കടകം, കുംഭം, തുലാം അമാവാസി എന്നിവയാണ് ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ.