തിരുവനന്തപുരം: വടകര ലോക്‌സഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനമൊഴിഞ്ഞു. നിയമസഭ സ്‌പീക്കർ എഎൻ ഷംസീറിന്‍റെ ചേമ്പറിലെത്തിയാണ് ഷാഫി രാജി സമർപ്പിച്ചത്. പാലക്കാട് നിയോജക മണ്ഡലം എംഎൽഎയായ ഷാഫി ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആറ് ലക്ഷത്തോളം വോട്ടുകൾക്കായിരുന്നു വടകരയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച നിയമസഭാംഗങ്ങൾ ജൂൺ 18ന് മുൻപ് രാജി സമർപ്പിക്കണം എന്നായിരുന്നു സ്‌പീക്കർ അറിയിച്ചിരുന്നത്. തുടർന്നാണ് ഷാഫി പറമ്പിൽ രാജിക്കത്ത് കൈമാറിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എംഎൽഎമാരായ കെകെ രമ, പിസി വിഷ്‌ണുനാഥ്, റോജി എം ജോൺ, അൻവർ സാദത്ത്, എം ഷംസുദീൻ, എന്നിവർക്കൊപ്പമെത്തിയാണ് ഷാഫി രാജി നൽകിയത്.
അതേസമയം ഇന്നലെ ആരംഭിച്ച നിയമസഭ സമ്മേളനത്തിന് ഷാഫി എത്തിയിരുന്നില്ല. ഇന്ന് ഉച്ചയ്‌ക്ക് മുൻപായി സഭയിലെത്തിയ ഷാഫി പ്രതിപക്ഷ നിരയിൽ മറ്റ് അംഗങ്ങൾക്കൊപ്പം ചെലവിട്ട ശേഷം മൂന്നു മണിയോടെയാണ് രാജി സമർപ്പിച്ചത്. 2011ൽ കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റായിരിക്കെയാണ് ആദ്യമായി പാലക്കാട് നിന്ന് വിജയിച്ച് ഷാഫി പറമ്പിൽ നിയമസഭയിലെത്തിയത്.
2016ലും 2021ലും ഷാഫി പറമ്പിൽ വിജയം ആവർത്തിച്ചു. 2024ൽ കാലാവധി പൂർത്തിയാകും മുൻപാണ് വടകരയിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി എത്തിയത്. അതേസമയം ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ച മന്ത്രി കെ രാധാകൃഷ്‌ണനും ഉടൻ രാജി നൽകിയേക്കും.