തിരുവനന്തപുരം: തലസ്ഥാന നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും മോഷ്‌ടാക്കളുടെ തേര്‍വാഴ്‌ച. ഇന്നലെ മാത്രം രണ്ടിടത്താണ് പിടിച്ചുപറി ശ്രമം നടന്നത്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ 5 ഓളം മോഷണ കേസുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌തത്.
വിവിധ കേസുകളിലെ സമാന സ്വഭാവം പൊലീസ് പരിശോധിച്ച് വരികയാണെങ്കിലും പ്രതികളുടെ ദൃശ്യങ്ങള്‍ക്ക് പുറമേ മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന മോഷണ പരമ്പരകളില്‍ ഒരു പ്രതിയെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാനായത്. ഒരു ക്ഷേത്രത്തിലെ വിളക്ക് മോഷ്‌ടിച്ച കള്ളന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇതിന് മുന്‍പ് നടന്ന ബൈക്ക് മോഷണ പരമ്പരയില്‍ കാണാതായ ബൈക്കുകള്‍ ഇപ്പോഴുണ്ടായ മോഷണ കേസിലെ പ്രതികള്‍ ഉപയോഗിക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഒരേ പ്രതികള്‍ തന്നെ തമിഴ്‌നാട്ടില്‍ സമാന കാലയളവില്‍ മോഷണം നടത്തിയതായും പൊലീസ് സംശയിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പൊലീസിന്‍റെ കൂടി സഹകരണത്തിലുള്ള അന്വേഷണമാണ് നിലവില്‍ പുരോഗമിക്കുന്നതെന്ന് തമ്പാനൂര്‍ എസ് എച്ച് ഒ അറിയിച്ചു.
ഇന്നലെ നടന്ന മോഷണങ്ങള്‍: പാറശ്ശാല, പ്ലാമൂട്ടുക്കട, പൂഴിക്കുന്ന് റോഡില്‍ ലിജിയുടെ മാല കവര്‍ന്നത് ബൈിക്കിലെത്തിയ അജ്ഞാത രണ്ടംഗ സംഘമാണ്. ഇന്നലെ രാവിലെ 11.30 യോടെയായിരുന്നു സംഭവം. ബൈക്കില്‍ പിന്തുടര്‍ന്നെത്തി മോഷ്‌ടാക്കള്‍ ലിജി വാഹനം തിരിക്കാനായി സ്‌കൂട്ടര്‍ നിര്‍ത്തിയുടന്‍ മാല പൊട്ടിക്കുകയായിരുന്നു.
ലിജി ചെറുക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം മറിഞ്ഞ് റോഡിന്‍റെ വശത്തേക്ക് വീണു. ഇതിനിടെ മാലയുമായി മോഷ്‌ടാക്കള്‍ കടന്ന് കളയുകയായിരുന്നു. ആറ് പവന്‍റെ മാലയാണ് കവര്‍ന്നത്. സംഭവത്തിന് ശേഷം നാട്ടുകാരും പൊലീസും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
കരമന ബണ്ട് റോഡില്‍ കുര്യാത്തി സ്വദേശി ധന്യയുടെ മാലയും ഇന്നലെ സമാനമായി ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നിരുന്നു. ഇവരാണ് പാറശ്ശാലയിലും കവര്‍ച്ച നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.
കരമന ബണ്ട് റോഡില്‍ പ്രഭാത സവാരിക്കെത്തിയതായിരുന്നു ധന്യ. ബൈക്കില്‍ പിന്തുടര്‍ന്നെത്തി മാല പിടിച്ചുപറിക്കുകയായിരുന്നു. സംഭവത്തില്‍ കരമന പൊലീസ് പ്രതികളുടേതെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ കരമന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസമായി മോഷണ പരമ്പര: പേട്ടയിലെ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന്‍റെ വാതില്‍ കുത്തിത്തുറന്ന് 5 പവന്‍റെ ആഭരണങ്ങളും 10,000 രൂപയും കവര്‍ന്നത് ഈ മാസം 11 നായിരുന്നു. വീട്ടുടമയും റെയില്‍വേ ആശുപത്രിയിലെ നേഴ്‌സുമായ പ്രസീതയുടെ ക്വാര്‍ട്ടേഴ്‌സിലാണ് മോഷ്‌ടാക്കള്‍ അതിക്രമിച്ച് കയറിയത്.
രാവിലെ 7 മണിക്ക് ഡ്യൂട്ടിക്കായി വീട് പൂട്ടി ഇറങ്ങിയ പ്രസീത ഉച്ചക്ക് ഭക്ഷണം കഴിക്കാനായി 2 മണിയോടെ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. ഉടന്‍ പേട്ട പൊലീസില്‍ വിവരമറിയിച്ചു. സംഭവത്തില്‍ പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. പേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
പൂജപ്പുരയില്‍ അടഞ്ഞു കിടന്ന റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് കുത്തിത്തുറന്ന് 1.30 ലക്ഷത്തോളം വില വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്‌ടിച്ചത്. റെയില്‍വേ ഡിവിഷണല്‍ ഓഫീസ് ചീഫ് സുപ്രണ്ടായ അനിതയുടെ ക്വാര്‍ട്ടേഴ്‌സില്‍ നടന്ന മോഷണത്തിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. വീട് പൂട്ടി ഓഫീസില്‍ പോയതായിരുന്നു അനിത. തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. സംഭവത്തില്‍ പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
വട്ടിയൂര്‍ക്കാവ് പി ടി പി നഗറില്‍ റിട്ട ഡോക്‌ടറുടെ അടഞ്ഞു കിടന്ന വീട്ടില്‍ നിന്നും 35,000 രൂപയുടെ ടിവിയുമാണ് മോഷ്‌ടാക്കള്‍ അപഹരിച്ചത്. വെള്ളിയാഴ്‌ച രാത്രി നടന്ന സംഭവം പൂനെയില്‍ പോയിരുന്ന വീട്ടുകാര്‍ തിരിച്ചെത്തിയ ശേഷമാണ് അറിയുന്നത്. വീട്ടില്‍ നിന്നും മറ്റൊന്നും മോഷണം പോയിട്ടില്ല. വീടിന്‍റെ മുന്‍വാതില്‍ കുത്തിപ്പൊളിച്ചായിരുന്നു മോഷണം. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
വെളൈക്കടവ് കടുറത്തല പഞ്ചമി ദേവി ക്ഷേത്രത്തില്‍ നിന്നും വിളക്ക് മോഷണം പോയതും ഇക്കഴിഞ്ഞയാഴ്‌ചയായിരുന്നു. കഴിഞ്ഞ ഒരു മാസമായുള്ള മോഷണ പരമ്പരയില്‍ പൊലീസിന് പ്രതിയെ പിടികൂടാനായത് ഈ കേസില്‍ മാത്രമാണ്. സംഭവത്തില്‍ മണലയം, മുളവുകാട് വീട്ടില്‍ രാജന്‍ (59) വട്ടിയൂര്‍ക്കാവ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്.
അടുത്തിടെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയില്‍ വീട്ടമ്മയുടെ മാലയും കവര്‍ന്നിരുന്നു. ബൈക്കിലെത്തിയ സംഘമായിരുന്നു മാല തട്ടിയെടുത്തത്. സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസടുത്തിട്ടുണ്ട്. വട്ടിയൂര്‍ക്കാവിലും സമാനമായി ചന്തയിലേക്ക് പോകുന്ന വഴിയില്‍ വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ സംഘം പിടിച്ചുപറിച്ചിരുന്നു.