എറണാകുളം: യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി മതനേതാക്കളുമായും ഗോത്ര തലവന്മാരുമായി ബന്ധപ്പെടാൻ ശ്രമം തുടരുകയാണെന്ന് സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ. കൊല്ലപ്പെട്ട യെമൻ പൗരൻ്റെ ബന്ധുക്കളുമായി നിമിഷ പ്രിയക്ക് മാപ്പ് നൽകുന്നത് സംബന്ധിച്ച് ചർച്ച നടത്താൻ അവിടത്തെ ഗോത്ര സംസ്‌കാര രീതികൾ അനുസരിച്ച് ചില നടപടിക്രമങ്ങളുണ്ട്.
അമ്മ പ്രേമകുമാരിയോടൊപ്പം യെമനിലുള്ള തമിഴ്‌നാട് സ്വദേശി സാമുവൽ ജെറോം ഈ കാര്യം അറിയിച്ചിരുന്നു. ജിബൂട്ടിയിലെ ഇന്ത്യൻ എംബസി ചുമതലപ്പെടുത്തിയ യെമൻ പൗരന്മാരും നേരത്തെ തന്നെ ഈ കാര്യം വ്യക്തമാക്കിയിരുന്നു. ആക്ഷൻ കൗൺസിൽ ഇത് അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. യെമനിൽ കഴിയുന്ന നിമിഷ പ്രിയയുടെ അമ്മയുടെ വിസ കാലാവധി ദീർഘിപ്പിച്ച് കിട്ടാൻ എംബസി സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അറിയിച്ചു.
യെമെൻ അഭിഭാഷകനെ നിയോഗിക്കുന്നത് അടക്കമുള്ള പ്രാരംഭ ചെലവുകൾക്കായാണ് പണം സമാഹരിക്കാൻ സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചത്. സഹായ മനസ്‌കരായ പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിക്കാനാണ് തീരുമാനം. നിമിഷയുടെ അമ്മ കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബവുമായി ചർച്ച നടത്തുകയും അവർ മാപ്പ് നൽകുകയും ചെയ്‌താൽ വധശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ കഴിയും.
കുടുംബത്തിന്‍റെ നിലപാട് നിർണായകം: കുടുംബത്തിന് നഷ്‌ട്ടപരിഹാരം നൽകി അവരുടെ അനുമതിയോടെയും ജയിൽ മോചനം സാധ്യെമാവും. കൊലപാതകക്കേസിൽ വധശിക്ഷയ്ക്ക് യെമൻ സുപ്രീം കോടതി വിധിച്ച കേസിൽ കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബത്തിന്‍റെ നിലപാടാണ് നിർണായകമാവുക. മോചനശ്രമത്തിൻ്റെ ഭാഗമായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമെനിലെ ജനങ്ങളോടും കൊല്ലപ്പെട്ട യെമെൻ പൗരന്‍റെ കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്ന വീഡിയോ ചിത്രീകരിച്ച് അവിടുത്തെ മാധ്യെമങ്ങൾക്ക് കൈമാറാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
പതിനൊന്ന് വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്‌ച: നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പതിനൊന്ന് വർഷത്തിന് ശേഷം യെമനിലെ ജയിലെത്തി മകളെ നേരിൽ കണ്ടിരുന്നു. യെമനിലെ സൻആയിലെ ജയിലെത്തിയായിരുന്നു കണ്ടത്. നീണ്ട കാത്തിരിപ്പിനും നിയെമപോരാട്ടങ്ങൾക്കും ശേഷമാണ് പ്രേമകുമാരിക്ക് മകളെ കണാനായത്.
കേസിന്‍റെ നാൾവഴി: 2017 ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയക്കെതിരെയുള്ള കേസിന് ആസ്‌പദമായ സംഭവം തലാൽ അബ്‌ദുല്‍ മഹ്ദിയെന്ന യെമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്നതാണ് കേസ്. വിവാഹ ശേഷം 2012 ലാണ് നിമിഷ പ്രിയ വീണ്ടും യെമനിൽ നഴ്‌സ് ആയി പോയത്. ഭർത്താവ് ടോമിയും യെമനിൽ ജോലിക്കായി എത്തിയിരുന്നു. യെമൻ പൗരൻ തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ പാർണർഷിപ്പിൽ ക്ലിനിക്ക് തുടങ്ങിയതാണ് നിമിഷയുടെ ജീവിതം കാരാഗൃഹത്തിലാകാന്‍ കാരണമായത്. ക്ലിനിക്ക് ആരംഭിച്ച ശേഷം ഭർത്താവും മകളും നാട്ടിലേക്ക് വന്നെങ്കിലും ഇതിനിടയിൽ യെമനിൽ യുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ നിമിഷക്ക് തിരിച്ച് വരാന്‍ കഴിഞ്ഞില്ല.
ഇതോടെയാണ് നിമിഷ യെമൻ പൗരന്‍റെ കുരുക്കിൽ കുടുങ്ങിയത്. നിമിഷയും യെമൻ സ്വദേശിയായ മറ്റൊരു പെൺകുട്ടിയും തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ ശാരീരികവും മാനസികമായ പീഡനത്തിനിരയാവുകയായിരുന്നു. ഇവരുടെ പാസ്പോർട്ട് ഉൾപ്പടെ തലാൽ പിടിച്ചെടുത്തു. ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് മയക്ക് മരുന്ന് കുത്തിവച്ച് പാസ്പോർട്ടുമായി നിമിഷയും യെമൻ വനിതയും രക്ഷപെട്ടത്.
എന്നാൽ പൊലീസ് പിടികൂടിയ ഇവരെ ജയിലിൽ അടച്ചു. ഇതിനിടെ താലാലിന്‍റെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും വെട്ടി മുറിച്ച നിലയിൽ ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. തലാലിനെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് യെമൻ വിചാരണ കോടതിയെ ബോധ്യപ്പെടുത്താൻ നിമിഷയ്ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്കും യെമനി വനിതയെ ജീവ പര്യന്തം തടവിനും ശിക്ഷിച്ചത്.
ഇതിനെതിരെ നിമിഷ നൽകിയ അപ്പീൽ വിചാരണ കോടതി തള്ളുകയായിരുന്നു. ഇതിനെതിരെ യെമൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതിയും അപ്പീൽ തള്ളി. ഇതോടെയാണ് നിമിഷയുടെ ജീവിതം തന്നെ അപകടത്തിലായത്. കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾ മാപ്പ് നൽകിയാൽ മാത്രമേ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നിമിഷ പ്രിയക്ക് കഴിയുകയുള്ളൂ. ഇതിനു വേണ്ടി യെമൻ പൗരൻ്റെ കുടുംബത്തെ നേരിൽ കാണാനുള്ള ശ്രമമാണ് അമ്മ പ്രേമകുമാരി തുടരുന്നത്.
Also Read: നിമിഷപ്രിയയുടെ മോചനത്തിനായുളള ശ്രമം ഊർജിതം; യെമൻ കുടുംബത്തിൻ്റെ നിലപാട് നിർണായകം