കാസർകോട്: കണ്ണൂര്‍ അഴീക്കല്‍ കടപ്പുറത്തു നിന്ന് മീന്‍ പിടുത്തത്തിന് പോയ രൂപേഷിനും സംഘത്തിനും ഇന്നലേയും അദ്ഭുതമായിരുന്നു. "ഓരോ ദിവസവും കടലിലേക്ക് പോകുന്നത് ഇന്ന് എന്തായിരിക്കും കിട്ടുക എന്ന് ഉറപ്പില്ലാതെയാണ്. എന്നാല്‍ ഇതിപ്പോള്‍ തുടര്‍ച്ചയായി നൂറുദിവസത്തിലേറെയായി. എപ്പോഴും വലനിറയെ മീനാണ്. അതും കടലില്‍ ഏറെയൊന്നും ഉള്ളിലേക്ക് പോകാതെ തന്നെ."
രൂപേഷിനു മാത്രമല്ല കണ്ണൂരിലെ അഴീക്കലിലും ആയിക്കരയിലും കാസര്‍ഗോട്ടെ നീലേശ്വരത്തും കാസര്‍ഗോട്ടും കോഴിക്കോട്ടെ ചോമ്പാലും പുതിയാപ്പയിലുമൊക്കെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത് ഇതേക്കുറിച്ചു തന്നെ.
"കടലിലേക്ക് പോയാൽ മത്സ്യം ലഭിക്കുമോ എന്ന ആശങ്കയിൽ വള്ളമെടുത്തിറങ്ങുന്ന ഞങ്ങളെ കാത്തിരുന്നത് കൈനിറയെ കോരാനുള്ള അയലയും മത്തിയുമാണ്. തീരത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലം പിന്നിട്ടപ്പോൾ തന്നെ കടലിൽ നിറയെ മീൻകൂട്ടങ്ങൾ കാണാൻ സാധിച്ചു. പിന്നീട് വല വീശിയെറിഞ്ഞ് വള്ളം നിറയെ മീൻ നിറച്ചു. വള്ളവും മനസും നിറഞ്ഞാണ് ഞങ്ങൾ മടങ്ങിയത്" രൂപേഷ് പറയുന്നു.
വള്ളം നിറയേ മീന്‍ കിട്ടുന്നുണ്ടെങ്കിലും സംസ്ഥാനത്തെ മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശ്വസിക്കാന്‍ വക ഏറെയില്ല. സംസ്ഥാനത്തിന്‍റെ വിവിധ തീരങ്ങളിൽ വൻചാകര ആയതിനാൽ തന്നെ മത്സ്യവില ഇപ്പോൾ ഇടിയുകയാണ്.പിടിക്കുന്ന മീനിന്‍റെ അളവിനൊത്ത് വരുമാനമില്ല. ജനുവരി പകുതി വരെ മത്തിയും അയലയും വേളൂരിയും ഇതേ പോലെ ലഭിക്കുമെന്നാണ് പ്രതീക്ഷ. അത് കഴിഞ്ഞാൽ കാറ്റ് മാറി തുടങ്ങും. ഇതിനെ കച്ചാ എന്നാണ് പറയുന്നത്.
"മകര കച്ചയിൽ ചൂട് കാറ്റ് എത്തുന്നതു വരെ തീരത്തോടടുത്ത് മല്‍സ്യങ്ങള്‍ പുളച്ചു മദിക്കും. ആദ്യം വന്നത് ചെമ്മീന്‍ കൂട്ടമായിരുന്നു. ചെമ്മീന്‍ ചാകരയെത്തുടര്‍ന്ന് മത്തി ,അയല, വേളൂരി ചാകരയും വന്നു.അത് ഇപ്പോഴും തുടരുകയാണ്.വൃശ്ചികവും ധനുവും കഴിഞ്ഞ് മകരം വരെ ഇതേ അവസ്ഥ തുടര്‍ന്നേക്കും.മകര കച്ചയില്‍ ചൂടുകാറ്റ് വീശിത്തുടങ്ങിയാല്‍ പിന്നെ മത്സ്യം കുറയും" മുതിര്‍ന്ന മല്‍സ്യത്തൊഴിലാളിയായ രാധാകൃഷ്‌ണന്‍ വിശദീകരിച്ചു.
മാസങ്ങൾക്ക് മുമ്പ് 350 രൂപയിൽ എത്തിയ മത്തി മീനുകളിലെ സൂപ്പര്‍ സ്റ്റാറായിരുന്നു. എന്നാല്‍ ചാകര എത്തിയതോടെ ഇന്നലെ പല മാർക്കറ്റുകളിലും 40-60 വരെയാണ് കിലോ മത്തിക്ക് വില. പല ഹാർബറിലും 20 രൂപയ്ക്കാണ് മത്തി വിറ്റുപോയത്. 80 കിലോ ഉള്ള ഒരു ബോക്‌സിന്‍റെ വില 800 രൂപ വരെ എത്തി. മത്സ്യം ഇഷ്‌ടം പോലെ ഉണ്ടെങ്കിലും വേണ്ടത്ര വില ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളിയായ രൂപേഷ് പറഞ്ഞു.
രാവിലെയും വൈകിട്ടും കടലിൽ പോകാറുണ്ട്. നല്ല കാലാവസ്ഥയാണ് കടലിൽ ഇപ്പോൾ. ചെറിയ മത്തി ധാരാളം ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചിലപ്പോൾ കരയിൽ നിന്നും മൂന്ന് കിലോമീറ്റർ പോയാൽ തന്നെ വള്ളം നിറയെ മത്സ്യം കിട്ടുമെന്നും രൂപേഷ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാലാവസ്ഥ അനുകൂലമായതാണ് അയലയും മത്തിയും കൂടാൻ കാരണമെന്ന് കാസര്‍ഗോട്ടെ ഫിഷറീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമുദ്രോപരിതലത്തിലെ വെള്ളം തണുക്കുന്ന ലാനിനോ പ്രതിഭാസമാണ് ഇതിന് പിന്നിലെന്നും കരുതപ്പെടുന്നതായി അവർ കൂട്ടിച്ചേർത്തു.
മത്തി കരയിലേക്ക്: ഞങ്ങളെ തേടി ആരും കടലിലിറങ്ങേണ്ട ഞങ്ങള്‍ കരയിലേക്ക് വന്നോളാം. സംസ്ഥാനത്തെ വിവിധ കടലോരങ്ങളില്‍ ഇപ്പോള്‍ ഇതാണ് സ്ഥിതി. തുടർച്ചയായ ദിവസങ്ങളിൽ തൃശൂരിന്‍റെ തീരപ്രദേശങ്ങളിൽ മത്തി കരയ്ക്കടിഞ്ഞു. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ മത്തി, കിട്ടിയ പാത്രങ്ങളിലെല്ലാം വാരിക്കൂട്ടി.
മത്തി വാങ്ങാൻ ഇതര സംസ്ഥാനക്കാരും: കുറഞ്ഞ വിലയ്ക്ക് മത്തിയെടുക്കാൻ ഇതര സംസ്ഥാനക്കാരും തീരത്ത് എത്തുന്നുണ്ട്. ഉണക്കിപ്പൊടിക്കാനാണ് ഇത് കൊണ്ടുപോകുന്നതെന്ന് ഇവർ പറയുന്നു.
ചാകര ഇടവേളയ്ക്ക് ശേഷം: നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ട്രോളിങ്ങ് കഴിഞ്ഞ് ഈ വര്‍ഷം ഓഗസ്‌റ്റ് മുതല്‍ കടലിൽ പോകുന്ന വള്ളങ്ങൾക്ക് മത്തി സുലഭമായി ലഭിക്കുന്നത്. കഴിഞ്ഞ വർഷം മത്തി തീരെ ലഭിച്ചിരുന്നില്ല. ഇതോടെ മത്തിയുടെ കാലം കഴിഞ്ഞു എന്നുള്ള പ്രചരണം ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ ധാരാളം മത്തി ലഭിച്ചപ്പോൾ അതിന്‍റെ വിലയും ഇടിഞ്ഞു. പൊതു മാർക്കറ്റുകളിലും മറ്റും ഇത്തരത്തിൽ വില വരുമ്പോൾ മത്സ്യത്തിന് ന്യായമായ വില ലഭിക്കുന്ന തരത്തിലുള്ള സർക്കാർ സംവിധാനം ഹാർബറുകളിൽ ഏർപ്പെടുത്തണമെന്നതാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
Also Read: തൃശൂരില്‍ വീണ്ടും ചാള ചാകര; മീന്‍ ചാക്കിലാക്കാന്‍ മത്സരിച്ച് നാട്ടുകാർ; വീഡിയോ വൈറല്‍