പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തുടങ്ങിയ നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്‌നേഹത്തിന്‍റെ കടയില്‍ അംഗത്വമെടുക്കുകയാണെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു. സിപിഎം- ബിജെപി ഡീലിനെ എതിര്‍ത്തതാണ് താന്‍ ചെയ്‌ത തെറ്റ്. വെറുപ്പ് മാത്രം ഉത്പാദിക്കുന്ന ഒരു ഫാക്‌ടറിയില്‍ നിന്നും സ്‌നേഹവും കരുതലും പ്രതീക്ഷിച്ചിരുന്നു. ബിജെപിയില്‍ താന്‍ ചവിട്ടിമെതിക്കപ്പെട്ടു. ഉപാധികളില്ലാതെയാണ് കോണ്‍ഗ്രസിലെത്തുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് സന്ദീപ് കോണ്‍ഗ്രസിലേക്ക് എത്തിയത്. ഉപതെരഞ്ഞെടുപ്പിന്‍റെ നിര്‍ണായക ഘട്ടത്തില്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ ബിജെപിക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരുന്നു. നേരത്തെ, ചില പരാതികളുടെ അടിസ്ഥാനത്തില്‍ ബിജെപി വക്താവിന്‍റെ പദവിയില്‍ നിന്നടക്കം നിന്നും സന്ദീപിനെ മാറ്റിയിരുന്നു.
പിന്നീട് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുൻകയ്യെടുത്ത് സന്ദീപിനെ തിരികെ നേതൃനിരയിലേക്ക് എത്തിച്ചത്. എന്നാല്‍ വേണ്ട രീതിയിലുള്ള പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു. ഇതിനിടെ സന്ദീപ് സിപിഎമ്മിലേക്കു പോകുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കവെ സിപിഐയുമായി ചർച്ച നടത്തിയതായി സൂചനയുണ്ടായിരുന്നു.