ഇടുക്കി: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്‌ത വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരില്‍ സാബുവും കട്ടപ്പന സിപിഎം ഏരിയ സെക്രട്ടറിയും മുന്‍ ബാങ്ക് പ്രസിഡന്‍റുമായ വിആര്‍ സജിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്. നിക്ഷേപിച്ച പണം ചോദിച്ചെത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് പിടിച്ച് തള്ളിയെന്നും താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്നും സാബു സജിയോട് പറഞ്ഞു. നിങ്ങള്‍ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞുവെന്നും നിങ്ങള്‍ക്കുള്ള പണി തരാമെന്നും പറഞ്ഞ സജി, സാബുവിനെ ഭീഷണിപ്പെടുത്തുന്ന സംഭാഷണമാണ് പുറത്തുവന്നത്.
അതേസമയം കട്ടപ്പന റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതര്‍ ഏറെ ദ്രോഹിച്ചതായി മരിച്ച സാബുവിന്‍റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു. തങ്ങളുടെ അക്കൗണ്ടിൽ 14 ലക്ഷത്തിലധികം രൂപ ഉണ്ടായിരുന്നതായി അവർ വ്യക്തമാക്കി. അത്രയും തുക അക്കൗണ്ടിൽ ഉണ്ടായിരുന്നിട്ടും അത് ലഭിക്കില്ലെന്ന് മനസിലായതോടെ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ ലഭിച്ചത് വെറും 80,000 രൂപയാണെന്ന് മേരിക്കുട്ടി പറഞ്ഞു.
പണം നല്‍കണമെന്ന് സാബു കേണപേക്ഷിച്ചിട്ടും നൽകാൻ അവര്‍ കൂട്ടാക്കിയില്ല. സാബു ജീവനൊടുക്കുമെന്ന് കരുതിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പണം ചോദിച്ചപ്പോള്‍ സാബുവിനെ ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തി, ഇത് ഏറെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി. സാബു കഷ്‌ടപ്പെട്ട് അധ്വാനിച്ച പണമാണ് ചോദിച്ചത്. പണം തരാന്‍ കഴിയില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞുവെന്ന് മേരിക്കുട്ടി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ പണം ലഭിക്കാനായി ഒന്നര വർഷമായി ബാങ്കിൽ കയറിയിറങ്ങുകയായിരുന്നുവെന്നും ഇതുവരെ അവരത് നല്‍കിയില്ലെന്നും മേരിക്കുട്ടി പറഞ്ഞു. അതേസമയം ഈ വിഷയത്തിൽ കേസുമായി മുന്നോട്ടുപോകുമെന്നും തനിക്ക് നീതി ലഭിക്കണമെന്നും മേരിക്കുട്ടി പറഞ്ഞു.
അതേസമയം കട്ടപ്പനയിൽ ആത്മഹത്യ ചെയ്‌ത സാബുവിൻ്റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് എസ്എച്ച്ഒ ടിസി മുരുകൻ പറഞ്ഞു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയാണ് (ഡിസംബര്‍ 21) കട്ടപ്പന സ്വദേശി സാബു ജീവനൊടുക്കിയത്. ഭാര്യയുടെ ചികിത്സ ആവശ്യത്തിന് നിക്ഷേപ തുക ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ.
Also Read: കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാർഥിയുടെ ആത്മഹത്യ ശ്രമം; വാർഡനെതിരെ ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തു