തിരുവനന്തപുരം: സപ്ളൈകോ ഔട്ട് ലെറ്റുകളിലൂടെ വിതരണം ചെയ്യുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങളുടെ സബ്‌സിഡി വെട്ടിക്കുറച്ചതിൽ നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ ശക്തമായ പ്രതിഷേധം. കേരളത്തെ രൂക്ഷമായ വിലക്കയറ്റത്തിലേക്ക് തള്ളിവിടുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് ജനങ്ങൾക്ക് വാക്കുനൽകി അധികാരത്തിലെത്തിയ സർക്കാർ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്ലക്കാർഡും ബാനറുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.
'കേരളം കൊള്ളയടിച്ച് പിവി ആൻഡ് കമ്പനി' എന്ന ബാനർ പ്രതിപക്ഷാംഗങ്ങള്‍ സ്‌പീക്കറുടെ മുഖം മറച്ചുപിടിച്ചു. പ്രതിപക്ഷത്തെ നേരിടാൻ ഭരണപക്ഷവും ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റതോടെ സഭ ബഹളത്തിൽ മുങ്ങി. ഇതോടെ സ്‌പീക്കർ എ.എൻ. ഷംസീർ നടപടികൾ വേഗത്തിലാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി അറിയിച്ചു.
നിയമസഭാസമ്മേളനം നടക്കുന്നതിനിടെ അവശ്യ സാധനങ്ങൾക്ക് വില വർധിക്കുമെന്ന് സഭയ്ക്കുപുറത്ത് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ മാധ്യമങ്ങളോട് പറഞ്ഞതിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദ്യം ചെയ്‌തു. ഇത് നിയമസഭയോടുള്ള അവഹേളനവും കേരള ജനതയോടുള്ള വഞ്ചനയുമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. കേരളത്തെ രൂക്ഷമായ വിലക്കയറ്റത്തിലേക്ക് ഇത് നയിക്കും. വൈദ്യുതി ചാർജ്, വെള്ളക്കരം, കെട്ടിട നികുതി, ഇന്ധന നികുതി തുടങ്ങിയവയുടെ വർധന മൂലം പൊറുതിമുട്ടുന്ന ജനങ്ങളെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്ന നടപടിയാണെന്നും പ്രതിപക്ഷം ഇതിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ പ്രതിപക്ഷ നേതാവ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ വാദം. താൻ നിയമസഭയ്ക്ക് പുറത്ത് ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. വില വർധന സംബന്ധിച്ച് മാധ്യമ പ്രവർത്തകർ തന്നെ വന്നുകണ്ടപ്പോൾ പ്രതികരിക്കുക മാത്രമായിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കുകയല്ല, സബ്‌സിഡി 35 ശതമാനമാക്കി ഉയർത്തുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിൻ്റെ അവസാന ദിവസമായിരുന്നു ഇന്ന്.