തിരുവനന്തപുരം: മണ്ഡലകാല മകര വിളക്ക് ഉത്സവങ്ങള്‍ക്കായി ശബരിമല നട നാളെ (നവംബർ 15) തുറക്കും. തീർഥാടകർക്ക് മൂന്ന് കേന്ദ്രങ്ങളിലാണ് സ്പോട്ട് ബുക്കിങ്ങിന് അവസരം ഒരുക്കിയിട്ടുള്ളത്. പമ്പയിലും എരുമേലിയിലും വണ്ടിപ്പെരിയാറിലുമാണ് ഭക്തര്‍ക്ക് സ്‌പോട്ട് ബുക്കിങ് സൗകര്യമുള്ളത്.
വൃശ്ചികം ഒന്നിലെ (നവംബര്‍ 16) പൂജ സമയം
- 3 AM നട തുറപ്പ്, നിര്‍മ്മാല്യം, അഭിഷേകം
- 3:30 AM ഗണപതി ഹോമം
- 3:30 AM മുതല്‍ 7:00 AM വരെ - നെയ്യഭിഷേകം
- 7:30 AM ഉഷ പൂജ
- 8:30 AM മുതല്‍ 11:00 AM വരെ - നെയ്യഭിഷേകം
- 11:10 AM നെയ്‌ത്തോണി
- 11:00 മുതല്‍ 11:30 AM വരെ - അഷ്‌ടാഭിഷേകം
- 12:30 PM ഉച്ച പൂജ
- 1:00 PM നട അടപ്പ്
- 3:00 PM നട തുറപ്പ്
- 6:30 PM ദീപാരാധന
- 7:00 PM മുതല്‍ 9:30 PM
- 9:30 PM അത്താഴപൂജ
- 11:00 PM ഹരിവരാസനം
വഴിപാട് തുക: മണ്ഡലകാലത്ത് നെയ്യഭിഷേകത്തിന് പുറമേ മൂന്ന് പൂജകള്‍ മാത്രമേയുണ്ടാകുവെന്ന് ശബരിമല അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ബിജു ബി നാഥ് വ്യക്തമാക്കി. ഓണ്‍ലൈനായും ശബരിമലയിലെത്തിയും വഴിപാടുകള്‍ ബുക്ക് ചെയ്യാനാകും
വില വിവരം
- നെയ്യഭിഷേകം - 10 രൂപ
- അഷ്‌ടാഭിഷേകം - 6000 രൂപ
- പുഷ്‌പാഭിഷേകം - 12,500 രൂപ
- കളഭാഭിഷേകം - 38,400 രൂപ
ഒരുക്കങ്ങള്‍ സജ്ജമെന്ന് ആരോഗ്യമന്ത്രി
മണ്ഡല കാലത്തിനോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളജുകളിലേയും ഡോക്‌ടര്‍മാരെ കൂടാതെ വിദഗ്‌ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.
എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്‍റെ സേവനം ലഭ്യമാണ്. എല്ലാവരും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പമ്പയിലെ കണ്‍ട്രോള്‍ സെന്‍റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
മലകയറ്റത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളില്‍ അവബോധം ശക്തമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശബരിമല തീര്‍ത്ഥാടന വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
- നിലവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ദര്‍ശനത്തിനായി എത്തുമ്പോള്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്.
- സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്.
- മല കയറുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ നടത്തം ഉള്‍പ്പെടെയുള്ള ലഘു വ്യായാമങ്ങള്‍ ചെയ്‌ത് തുടങ്ങേണ്ടതാണ്.
- സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക.
- മല കയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ മല കയറുന്നത് നിര്‍ത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.
- 04735 203232 എന്ന നമ്പറില്‍ അടിയന്തിര സഹായത്തിനായി വിളിക്കാവുന്നതാണ്.
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
- പഴങ്ങള്‍ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക.
- പഴകിയതോ തുറന്നുവച്ചതോ ആയ ആഹാരം കഴിക്കരുത്.
- മലമൂത്രവിസര്‍ജ്ജനം തുറസായ സ്ഥലങ്ങളില്‍ നടത്തരുത്. ശൗചാലയങ്ങള്‍ ഉപയോഗിക്കുക. ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
- മാലിന്യങ്ങള്‍ വലിച്ചെറിയരുത്. അവ വേസ്‌റ്റ് ബിന്നില്‍ മാത്രം നിക്ഷേപിക്കുക.
- പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ലഭ്യമാണ്.
Also Read: ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ണം; ഒരാഴ്‌ചത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പൂര്‍ത്തിയായി