പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വത്തിന് ഇതുവരെ 163 കോടി വരുമാനം ലഭിച്ചതായി ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്. 29 ദിവസം കൊണ്ട് 1,63,89,20,204 രൂപയാണ് വരുമാനമായി ലഭിച്ചതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീര്‍ഥാടനകാലത്തിന്‍റെ ആദ്യ ഒരു മാസത്തിനുള്ളില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം ഇക്കുറി നാല് ലക്ഷത്തോളം ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 22,67,956 ഭക്തരാണ് ഇക്കുറി ഇതുവരെ ദര്‍ശനം നടത്തിയത്. മുൻ വര്‍ഷം ഇത് 18,16,913 ആയിരുന്നെന്നും പിഎസ് പ്രശാന്ത് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വരുമാനത്തിന്‍റെ കാര്യത്തിലും ഇക്കുറി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,41,12,97,723 രൂപയായിരുന്നു ലഭിച്ചത്. ഇപ്രാവശ്യം 22,76,22,481 രൂപയുടെ അധിക വരുമാനമാണ് ഉണ്ടായിരിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചു.
അരവണയുടെ വിറ്റുവരവ് 82,67,67,050 രൂപയാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 17,41,19,730 രൂപയുടെ അധിക വരുമാനം ലഭിച്ചു. തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിൽ പൊലീസ് വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read : ശബരിമലയിൽ പെയ്യുന്ന മഴയ്‌ക്കും കൃത്യമായ കണക്ക്; പുതിയ 'മഴ മാപിനികള്‍' എല്ലാം അളന്നെടുക്കും