തിരുവനന്തപുരം : വ്യാജ റിക്രൂട്ട്മെന്‍റ് ഏജൻസിയുടെ ചതിയിൽപ്പെട്ട് റഷ്യ - യുക്രെയ്ൻ യുദ്ധമുഖത്ത് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളികളായ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യനും പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനും നാട്ടിലെത്താൻ വഴിയൊരുങ്ങുന്നു. ഇവരെ ഇന്നലെ മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ എത്തിച്ചിരുന്നു. പാസ്പോർട്ട് അടക്കം ഇല്ലാത്തതിനാൽ നാട്ടിലെത്തുന്നതിന് ആവശ്യമായ താത്കാലിക യാത്രാസൗകര്യം ഒരുക്കി ഇവരെ നാട്ടിലേക്ക് അയക്കാനാണ് ശ്രമം നടത്തുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. റഷ്യൻ സർക്കാരുമായി ആശയവിനിമയം നടത്തിവരികയാണ്. ഉടൻ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം എംബസിയിലെത്തി ഇമെയിലിൽ ഉണ്ടായിരുന്ന പാസ്പോർട്ടിൻ്റെ പകർപ്പ് കൈമാറിയതായി മോസ്കോയിലുള്ള പ്രിൻസ് സെബാസ്റ്റ്യന്‍ പ്രതികരിച്ചിരുന്നു. അതേസമയം ഇവർക്കൊപ്പം റഷ്യയിലേക്ക് പോയ ടിനു പനിയടിമ, വിനീത് സിൽവ എന്നിവർ റഷ്യൻ സൈനിക ക്യാമ്പിൽ ഉണ്ടെന്നാണ് വിവരം.
യുക്രെയിനെതിരെ യുദ്ധത്തിന് ഇറങ്ങാൻ നിർബന്ധിതനായ പ്രിൻസിന് വെടിവയ്പ്പിലും ബോംബേറിലും ആണ് തലയ്ക്കും കാലിനും പരിക്കേറ്റത്. ഡേവിഡ് മുത്തപ്പന് ഡ്രോൺ ബോംബ് ആക്രമണത്തിലാണ് കാലിന് പരിക്കേറ്റത്. അതേസമയം മലയാളികളെ ചതിയിൽപ്പെടുത്തി റഷ്യയിൽ എത്തിച്ചത് തുമ്പ സ്വദേശിയായ സന്തോഷ് എന്ന അലക്‌സാണെന്നാണ് കേസ് അന്വേഷിക്കുന്ന സിബിഐക്ക് ലഭിച്ചിരിക്കുന്ന വിവരം.