തിരുവനന്തപുരം : കാട്ടാക്കടയിൽ ആർഎസ്എസ് മണ്ഡൽ കാര്യവാഹകിന് കുത്തേറ്റു (RSS Mandal Karyavah Was Stabbed In Kattakada). പ്ലാവൂർ ആർഎസ്എസ് മണ്ഡൽ കാര്യവാഹക് വിഷ്‌ണുവിനാണ് കുത്തേറ്റത്. കീഴാറൂർ കാഞ്ഞിരംവിള ക്ഷേത്ര ഘോഷയാത്രയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്‌ണുവിനെ അമ്പലത്തിൻകാല ക്ഷേത്രത്തിന് മുന്നിൽ വച്ചാണ് ആക്രമിച്ചത്. വിഷ്‌ണുവിന് നെറ്റിയിലും പുറകു വശത്തും കുത്ത് ഏറ്റിട്ടുണ്ട്. പുറകിലെ കുത്ത് ആഴത്തിൽ ഉള്ളതാണെന്നും അധികൃതർ പറഞ്ഞു.
വിഷ്‌ണുവിനെ കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട ഡിവൈഎസ്‌പിയുടെ കീഴിൽ വിവിധ സ്‌റ്റേഷനുകളിലെ പൊലീസുകാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. രാഷ്ട്രീയ അക്രമമാണോ ഇത് എന്ന് സംശയിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.