പത്തനംതിട്ട: ഹോംനേഴ്‌സ് എന്ന വ്യാജേന മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ഇടുക്കി ഏലപ്പാറ സ്വദേശിനി മിനിയെന്ന് വിളിക്കുന്ന വിക്ടോറിയ രാമയ്യൻ (39) ഭർത്താവ് കോട്ടയം സ്വദേശി സുന്ദരൻ എന്ന് വിളിക്കുന്ന ജയകാന്തൻ (49) എന്നിവരെയാണ് പന്തളം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. തുമ്പമൺ സ്വദേശിയായ വയോധികയുടെ കഴുത്തിൽ കിടന്ന സ്വർണമാല അടക്കം അഞ്ച് പവനാണ് പ്രതികൾ മോഷ്‌ടിച്ചത്.
സ്വർണം മോഷ്‌ടിച്ച ശേഷം നാടുവിട്ട മിനി തിരുവനന്തപുരത്തെ ഹോട്ടലിൽ ജോലിയുള്ള ജയകാന്തനുമായി ചേർന്ന് ചാലയിലുള്ള ഒരു സ്ഥാപനത്തിൽ സ്വർണ മോതിരം വിൽക്കുകയും, തുടർന്ന് നാല് ദിവസത്തിന് ശേഷം കോട്ടയത്ത് എത്തി അവിടുള്ള ഒരു പ്രമുഖ ജ്വല്ലറിയിൽ മാല അടക്കമുള്ള സ്വർണാഭരണങ്ങൾ വിറ്റശേഷം ഒളിവിൽ പോവുകയായിരുന്നു. പിന്നീട്, സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ് അടുത്ത തട്ടിപ്പിനുള്ള ഒരുക്കം നടത്തി വരവേയാണ് പൊലീസിന്‍റെ പിടിയിലായത്.
സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവനുസരിച്ച് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അടൂർ ഡിവൈഎസ്‌പി നിയാസിൻ്റെ മേൽനോട്ടത്തിൽ പന്തളം എസ്എച്ച്ഒ റ്റി ഡി പ്രജീഷ്, സബ് ഇൻസ്പെക്‌ടർ അനീഷ് എബ്രഹാം, സിവിൽ പൊലീസ് ഓഫീസർമാരായ എസ് അൻവർഷ, ആർ രഞ്ജിത്ത്, വനിതാ പൊലീസ് ഉദ്യോഗസ്ഥ എസ് അനൂപ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
നിരവധി സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ചും, ഹോം നേഴ്‌സിങ് സ്ഥാപനങ്ങൾ നടത്തിവരുന്ന കേരളത്തിലെ വിവിധ ഏജൻസികളുമായി ബന്ധപ്പെട്ടും, വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തെ തുടർന്നാണ് കോട്ടയം ഭാഗത്ത് ഇവർ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചത്.
പിന്നീട്, നടത്തിയ നീക്കത്തിൽ കോട്ടയം മെഡിക്കൽ കോളജിന് സമീപം ലോഡ്‌ജിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇവരെ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇരുവരെയും അടൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മിനിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. വിക്ടോറിയക്കെതിരെ തൃശൂർ മെഡിക്കൽ കോളജ് പൊലീസ് സ്‌റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. ജയകാന്തൻ എറണാകുളത്ത് കത്തിക്കുത്ത് കേസിൽ പ്രതിയായി മൂന്നുവർഷം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Also Read: കേരള പൊലീസിന്‍റെ മികവ് പരിശോധിക്കാൻ റോബിൻ ഹുഡ് മോഡൽ കവർച്ചാശ്രമം: യുവാവ് പിടിയിൽ