മലപ്പുറം: നിലമ്പൂർ നാടുകാണി ചുരത്തിൽ ജാറത്തിനും കല്ലളക്കുമിടയിൽ റോഡിൽ കാണപ്പെട്ട വിള്ളൽ വർധിച്ചു. റോഡില്‍ ഒരടിയോളം താഴ്‌ചയിലാണ് വിള്ളല്‍ ഉള്ളത്. വിള്ളലുണ്ടായ ഭാഗത്ത് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി എക്‌സിക‍്യൂട്ടീവ് എഞ്ചിനിയർ കെഎസ് സജീവിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.
പ്രാഥമിക പരിശോധനയിൽ അപകട സാഹചര‍്യമില്ലെന്നായിരുന്നു വിലയിരുത്തൽ. 50 സെന്‍റീമീറ്റർ വീതിയിൽ 8 മീറ്റർ നീളത്തിലാണ് റോഡിൽ വിള്ളൽ കാണപ്പെട്ടിരുന്നത്. സമീപത്തെ ഓവുപാലത്തിന്‍റെ അടിഭാഗവും മറ്റ് ഭാഗങ്ങളും വിശദമായി പരിശോധന നടത്തേണ്ടതുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡ് നവീകരണ പ്രവൃത്തി നടത്തിയ ഊരാളുങ്കൽ സൊസൈറ്റി എഞ്ചിനിയറിങ് വിഭാഗവും ചുരം റോഡ് പരിശോധിച്ചിരുന്നു. അപകട സാധ്യത ഇല്ലെന്നായിരുന്നു അവരുടെയും കണ്ടെത്തൽ. ബുധനാഴ്‌ച (ജൂലൈ23) രാത്രി 11 മണിയോടെയാണ് റോഡിൽ വിള്ളൽ രൂപപ്പെട്ടത്. പൊതുമരാമത്ത് നിരത്ത് വിഭാഗവും വഴിക്കടവ് പൊലീസും സ്ഥലത്തെത്തി വിള്ളലുണ്ടായ ഭാഗത്ത് റിബ്ബൺ കെട്ടി വാഹന അപകട സാധ‍്യത ഒഴിവാക്കിയിരുന്നു.
വിള്ളലുണ്ടായ ഭാഗത്ത് വൺവേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ചുരം റോഡിന്‍റെ മറ്റ് ചില ഭാഗങ്ങളിലും സമാനരീതിയിൽ ചെറിയ തോതിൽ റോഡ് താഴ്ന്നതായി കാണുന്നുണ്ട്. കനത്ത മഴയാണ് വിള്ളല്‍ വര്‍ധിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.
തുടർച്ചയായി എട്ട് സെ.മീറ്ററിൽ കൂടുതൽ മഴ അനുഭവപ്പെട്ടാൽ ചുരത്തിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ‍്യത കൂടുമെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത‍്യയുടെ റിപ്പോർട്ട്. 2008ൽ കല്ലള ഭാഗത്ത് റോഡ് നിരങ്ങിനീങ്ങൽ പ്രതിഭാസം ഉണ്ടായപ്പോഴാണ് ജിഎസ്ഐ കേരളഘടകം ശാസ്ത്രജ്ഞർ ചുരത്തിൽ പരിശോധന നടത്തിയത്.
Also Read: നാടുകാണി ചുരത്തിൽ യുവാക്കൾ സഞ്ചരിച്ച ട്രാവലർ വാൻ കൊക്കയിലേക്ക് മറിഞ്ഞു