തിരുവനന്തപുരം: അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനകാര്യ മന്ത്രിമാരും സാമ്പത്തിക- ആസൂത്രണ വിദഗ്ധരും പങ്കെടുക്കുന്ന ധനകാര്യ കോണ്‍ക്ലേവ് തിരുവനന്തപുരത്ത് തുടങ്ങി. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നികുതി വരുമാനം നിഷേധിക്കുന്ന കേന്ദ്ര നിലപാടിനെതിരെ കൂട്ടായ പ്രതിരോധം ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി കേരള സര്‍ക്കാരാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്‌തു.
കേന്ദ്രം സെസും സർചാർജും നിരന്തരം കൂട്ടുന്ന പ്രവണതയാണ് കാണുന്നതെന്ന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. അതേസമയം നികുതി വരുമാനത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതം ചുരുങ്ങി വരികയാണ്. കേന്ദ്രം പിരിച്ചെടുക്കുന്ന നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഹിതം നൽകണമെന്ന് നിതി ആയോഗ് ശുപാർശ ചെയ്യുന്ന സമയത്താണ് കേന്ദ്രത്തിന് മാത്രം വരുമാനം ലഭിക്കുന്ന സർചാർജുകളിലും സെസുകളിലും വർധനവ് ഉണ്ടായതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കഴിഞ്ഞ ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്‌ത 41 ശതമാനത്തിൽ നിന്ന് സംസ്ഥാനങ്ങളുടെ വിഹിതം ഇനിയും വർധിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളവും മറ്റ് പല സംസ്ഥാനങ്ങളും നേരത്തെ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തിമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഹിതം നൽകണമെന്ന ആവശ്യം ആര്‍ക്കും നിരാകരിക്കാനാവില്ലെന്ന് പിണറായി പറഞ്ഞു. നികുതി വിഹിതത്തിന്‍റെ നീതിപൂര്‍വ്വമായ വീതം വെപ്പിന് സഹായകമാകുന്ന തരത്തിലുള്ള മാര്‍ഗരേഖ തയ്യാറാക്കാനാണ് കോണ്‍ക്ലേവിലൂടെ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന നികുതി വിഹിതത്തിലെ അസന്തുലിതാവസ്ഥയും കടുത്ത വിവേചനവും പരിഹരിക്കാന്‍ 16-ാം ധനകാര്യ കമ്മീഷന് മുമ്പാകെ ഫലപ്രദമായി കൂട്ടായ വാദമുയര്‍ത്താന്‍ ഇത് സംസ്ഥാനങ്ങളെ സഹായിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
16-ാം ധനകാര്യ കമ്മിഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് (സെപ്‌റ്റംബർ 12) തിരുവനന്തപുരത്ത് കോൺക്ലേവ് സംഘടിപ്പിച്ചത്. പ്രതിപക്ഷം ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള ധനമന്ത്രിമാർ കേൺക്ലേവിൽ പങ്കെടുത്തു. ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കോൺക്ലേവ് ഉദ്ഘാടനം ചെയ്‌തത്. തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യൂ മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ, പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമ, തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു എന്നിവർ കോൺക്ലേവിൽ പങ്കെടുത്തു.പിരിച്ചെടുത്ത നികുതി വരുമാനത്തില്‍ നിന്നുള്ള സംസ്ഥാനങ്ങളുടെ വിഹിതം 50 ശതമാനമായി ഉയർത്തണമെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനകാര്യ മന്ത്രിമാര്‍ കോൺക്ലേവിൽ നിർദേശിച്ചു.