തിരുവനന്തപുരം : തീരദേശം ഇളക്കിമറിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയുടെ റോഡ് ഷോ. ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്‍റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് രേവന്ദ് റെഡ്ഡി തുറന്ന ജീപ്പിൽ റോഡ് ഷോയിൽ പങ്കെടുത്തത്.
രാവിലെ 11:30ന് തുമ്പ സെന്‍റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണ് രേവന്ദ് റെഡ്ഡി എത്തിയത്. തുടർന്ന് കാർ മാർഗം തുമ്പ രാജീവ് ഗാന്ധി നഗറിലെത്തി. ഇവിടെ നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. തുമ്പ രാജീവ് ഗാന്ധി നഗറിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ നൂറോളം പ്രവർത്തകരാണ് ബൈക്ക് റാലിയുമായി രേവന്ദ് റെഡ്ഡിയുടെ വാഹനവ്യൂഹത്തെ അനുഗമിച്ചത്. മര്യനാട്, അഞ്ചുതെങ്ങ്, പെരുമാതുറ എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തെലങ്കാന മുഖ്യമന്ത്രിക്ക് സ്വീകരണവുമൊരുക്കി. ഉച്ചയ്ക്ക് 1:30 ന് അഞ്ചുതെങ്ങിലെ സ്വീകരണ കേന്ദ്രത്തിൽ അദ്ദേഹം സംസാരിച്ചു. നെടുമങ്ങാട് കല്ലറയിലായിരുന്നു റോഡ് ഷോയുടെ സമാപനം. കല്ലറയിൽ പൊതുയോഗത്തിലും രേവന്ദ് റെഡ്ഡി സംസാരിച്ചു.
Also Read:'മോദിയുടെ ഗ്യാരണ്ടികൾ എല്ലാം വ്യാജം': ആഞ്ഞടിച്ച് ഡി.രാജ
വയനാട്ടിലെ പ്രചാരണ പരിപാടികൾക്ക് ശേഷം രാഹുൽ ഗാന്ധി മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രചാരണത്തിനായി പോയതോടെ ദേശീയ നേതാക്കളെ സംസ്ഥാനത്ത് സജീവമാക്കുകയാണ് യുഡിഎഫ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് വേണ്ടി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തിരുവനന്തപുരത്ത് റോഡ് ഷോയിൽ പങ്കെടുത്തിരുന്നു. പ്രിയങ്ക ഗാന്ധിയും വരും ദിവസങ്ങളിൽ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും.