തിരുവനന്തപുരം : കടുത്ത വേനൽ ചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന. തുടർച്ചയായി നാലാം ദിനമാണ് വൈദ്യുതി ഉപഭോഗത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 101.58 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്.
മാർച്ച് 11 മുതൽ 100 ദശലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതി ഉപഭോഗമാണ് തുടർച്ചയായി രേഖപ്പെടുത്തുന്നത്. കടുത്ത വേനൽ ചൂടിൽ എ സി, ഫാൻ ഉപയോഗം സംസ്ഥാനത്താകെ വർധിച്ചിട്ടുണ്ട്. ഇന്നലെ പകൽ സമയത്ത് 4498 മെഗാ വാട്ട് വൈകിട്ട് 5076 മെഗാ വാട്ട് പുലർച്ചെ 3874 മെഗാ വാട്ട് വൈദ്യുതി ഉപയോഗവും സംസ്ഥാനത്ത് രേഖപ്പെടുത്തി.
ഇന്നലെ വൈകിട്ടത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡാണ് തിരുത്തിയത്. പകൽ സമയങ്ങളിൽ ഏറ്റവും കുറഞ്ഞത് 3726 മെഗാ വാട്ടും രാത്രി 3862 മെഗാ വാട്ട് വൈദ്യുതി ഉപഭോഗവും രേഖപ്പെടുത്തി. വൈദ്യുതി ബോർഡ് വൻ പ്രതിസന്ധി നേരിടുന്നതിനിടെയാണ് വൈദ്യുതി ഉപഭോഗത്തിലെ ഈ കുതിച്ചു കയറ്റം.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തത്കാലം വൈദ്യുതി വില വർധനവോ ലോഡ് ഷെഡ്ഡിങ്ങോ സർക്കാരിന്‍റെ പരിഗണനയിലില്ല. പ്രതിസന്ധി ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി, കെഎസ്ഇബി എം ഡിയും, മുഖ്യമന്ത്രിയുമായി ഇന്ന് (15-03-2024) യോഗം ചേർന്നിരുന്നു.
വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളാണ് കെഎസ്ഇബിക്ക് ഏറ്റവും കൂടുതൽ തുക കുടിശ്ശിക വരുത്തിയിട്ടുള്ളത്. സർക്കാർ സ്ഥാപനങ്ങളിൽ നിന്നടക്കം കെഎസ്ഇബിക്ക് ലഭിക്കാനുള്ള കുടിശിക തുക പിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർധിച്ചു ; പ്രതിസന്ധിയില്‍ കെഎസ്‌ഇബി : സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ വൈദ്യുത ഉപയോഗം വർധിച്ചു. വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കിയാണ് ഉപഭോഗം കുതിച്ചുയരുന്നത്. കറന്‍റ് ബിൽ കൂടുമോ എന്ന ആശങ്ക ഉയരുകയാണ്. ചൊവ്വാഴ്‌ചത്തെ (12-03-2024) വൈദ്യുതി ഉപയോഗം 10.13872 കോടി യൂണിറ്റായി വർധിച്ചിരുന്നു. തിങ്കളാഴ്‌ച (11-03-2024) 10.01 കോടി യൂണിറ്റ് ആയിരുന്നു വൈദ്യുതി ഉപയോഗം.
ചൊവ്വാഴ്‌ച പീക് ലോഡ് സമയത്തെ വൈദ്യുതി ആവശ്യം 5004 മെഗാവാട്ട് ആയി കുറഞ്ഞിരുന്നു. 5,031 മെഗാവാട്ട് ആയിരുന്നു തിങ്കളാഴ്‌ച. നിലവിലെ സാഹചര്യത്തിൽ അടുത്ത മാസം സ്ഥിതി കൂടുതൽ ഗുരുതരം ആകുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ പവർ എക്സ്ചേഞ്ചിൽ നിന്ന് ദിവസവും 15 മുതൽ 20 കോടി രൂപ വരെ നൽകി വൈദ്യുതി വാങ്ങിയാണ് ലോഡ് ഷെഡിങ് ഒഴിവാക്കുന്നത്.
7.94391 കോടി യൂണിറ്റ് ചൊവ്വാഴ്‌ച പുറത്തുനിന്ന് വാങ്ങിയപ്പോൾ സംസ്ഥാനത്തെ ജല വൈദ്യുതിയുടെ ഉത്പാദനം 1.9721 കോടി യൂണിറ്റ് മാത്രമായിരുന്നു. കേരളത്തിനുള്ള കേന്ദ്ര വിഹിതം 1600 മെഗാവാട്ടാണ്. വൈദ്യുത കരാറുകളിലൂടെ 1200 മെഗാവാട്ടും ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം 1600 മെഗാവാട്ടുമാണ്. അങ്ങനെ ആകെമൊത്തം 4400 മെഗാവാട്ട്.
ഇതുകഴിഞ്ഞ് ഉപയോഗിക്കുന്ന വൈദ്യുതി വൻ തുകയ്ക്കാണ് ബോർഡ് വാങ്ങുന്നത്. മാർച്ചിൽ പീക് ലോഡ് സമയത്തെ പരമാവധി വൈദ്യുതി ആവശ്യം 4800 മെഗാവാട്ട് ആകുമെന്നാണ് ബോർഡ് പ്രതീക്ഷിച്ചിരുന്നതെങ്കിലും തുടർച്ചയായി 2 ദിവസം പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റ് കടക്കുകയും പീക് ലോഡ് സമയത്തെ ആവശ്യം 5000 മെഗാവാട്ട് കടക്കുകയും ചെയ്‌തതോടെ അടുത്ത മാസം സ്ഥിതി കൂടുതൽ ഗുരുതരം ആകുമെന്നാണ് കണക്കുകൂട്ടൽ.
ജിൻഡാൽ പവർ ലിമിറ്റഡ്, ജിൻഡാൽ തെർമൽ പവർ ലിമിറ്റഡ്, ജാബുവ പവർ ലിമിറ്റഡ് എന്നീ കമ്പനികളുമായി 25 വർഷത്തെ കരാറിൽ 2015 ൽ യുഡിഎഫ് സർക്കാർ ഏർപ്പെട്ടിരുന്നു. എന്നാൽ യൂണിറ്റിന് 4.29 പൈസയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്ന കരാർ റദ്ദാക്കിയത് തെറ്റായെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ അടുത്തിടെ അത് വീണ്ടും പുനസ്ഥാപിച്ചിരുന്നു. പ്രതിസന്ധി മറികടക്കാൻ വീണ്ടും ജനങ്ങളുടെ തലയില്‍ സർചാർജ് വരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ALSO READ : സംസ്ഥാനത്തെ വര്‍ധിക്കുന്ന വൈദ്യുതി ഉപഭോഗം; ഉന്നത തലയോഗം ഇന്ന്