കോഴിക്കോട്: കാർഡുടമകളുടെ ബയോമെട്രിക്ക് മസ്റ്ററിങ് നടത്തുന്നതിനുള്ള സമയ പരിധി നീട്ടണമെന്ന ആവശ്യവുമായി കടകളടച്ച് സമരം ചെയ്യാൻ സംസ്ഥാനത്തെ റേഷൻ വ്യാപാരികള്‍. മാര്‍ച്ച് ഏഴിനാണ് വ്യാപാരികളുടെ പ്രതിഷേധം. പ്രശ്‌നങ്ങൾ പല തവണ സർക്കാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിലാണ് സമരവുമായി റേഷൻ വ്യാപാരികൾ മുന്നിട്ടിറങ്ങുന്നത്.
മാർച്ച് 18-നുള്ളിൽ ബി പി എൽ, എ എ വൈ റേഷൻ കാർഡുകളിലുൾപ്പെട്ടവരുടെ ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം. ക്ഷേമ പെൻഷനുകൾ പോലെ കാർഡുടമകൾ ജീവിച്ചിരിക്കുന്നുണ്ടെന്നും മുൻഗണനയുള്ളവരാണെന്നും ഉറപ്പ് വരുത്തുകയാണ് മസ്റ്ററിങ്ങിൻ്റെ ലക്ഷ്യം. മാർച്ച് 31നുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഈ കാലാവധി നീട്ടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, പൊതുവിതരണ മേഖലയോടുള്ള കേന്ദ്രസർക്കാർ അവഗണന അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് 7 ന് റേഷൻ കടകളടച്ചിടുന്നത്. അതേ ദിവസം സെക്രട്ടേറിയേറ്റിന് മുന്നിലും കലക്ട്രേറ്റുകളിലും പ്രതിഷേധം നടത്തുമെന്നും റേഷൻ ഡീലേഴ്‌സ് കോഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന കൺവീനർ മുഹമ്മദലി അറിയിച്ചു.