ഹൈദരാബാദ് : കോര്‍പ്പറേറ്റിന് മനുഷ്യ സ്‌നേഹത്തിന്‍റെ കൂടി മുഖം നല്‍കിയ രത്തന്‍ ടാറ്റയുടെ സഹായത്തിന്‍റെ കരങ്ങള്‍ കേരളത്തിലേക്കും പലകുറി നീണ്ടിട്ടുണ്ട്. കേരളം പ്രതിസന്ധികളെ നേരിട്ട പലഘട്ടത്തിലും രത്തന്‍ ടാറ്റ കേരളത്തെ സഹായിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ പല വിവാദങ്ങളിലും ടാറ്റയുടെ കമ്പനി പെട്ടിട്ടുണ്ട്.
2018 ലെ വെള്ളപ്പൊക്കം : 2018 ഓഗസ്റ്റിൽ ഉണ്ടായ പ്രളയം സംസ്ഥാനത്ത് വൻ നാശമാണ് വിതച്ചത്. ടാറ്റ സസ്റ്റൈനബിലിറ്റി ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ ടാറ്റ ഗ്രൂപ്പും ടാറ്റ ട്രസ്റ്റുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി ടീമുകളെ കേരളത്തിലേക്ക് അയച്ചിരുന്നു. 2018 ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 5 വരെയുള്ള കാലയളവിൽ കൊച്ചി, ആലപ്പുഴ, വയനാട്, ഇടുക്കി എന്നിവിടങ്ങളിലെ ഗ്രാമീണ മേഖലകളിലെ ഏകദേശം 6,500 വീട്ടുകാർക്ക് 200,000 ലിറ്ററിലധികം വെള്ളമാണ് ട്രസ്റ്റ് വിതരണം ചെയ്‌തത്. ടാറ്റ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ ഡോക്‌ടർമാരും മറ്റ് സപ്പോർട്ടിങ് സ്റ്റാഫുകളും അടങ്ങുന്ന സംഘവും പ്രളയബാധിത പ്രദേശത്ത് സജീവമായുണ്ടായിരുന്നു. കേരള സർക്കാരിന്‍റെ ആരോഗ്യവകുപ്പിനൊപ്പമാണ് ഈ ടീമും പ്രവര്‍ത്തിച്ചത്.
2020, കൊവിഡ് കാലം : 2020 മാർച്ച് അവസാനത്തോടെ കാസർകോട് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി. മാർച്ച് 30 ന്, രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് -19 കേസുകൾ കാസര്‍കോട് രേഖപ്പെടുത്തി. അതേസമയം വൈദ്യ സഹായങ്ങള്‍ക്ക് കാസര്‍കോട് കൂടുതലും ആശ്രയിച്ചിരുന്നത് കര്‍ണാടകയെയായിരുന്നു.
ഈ സമയത്താണ് ഗ്രീന്‍ഫീല്‍ഡ് ആശുപത്രി രത്തന്‍ ടാറ്റ റെക്കോര്‍ഡ് സമയത്തില്‍ നിര്‍മിച്ച് കാസര്‍കോടിന് സമ്മാനിക്കുന്നത്. 128 റെഡി ടു യൂസ് യൂണിറ്റുകളാണ് ടാറ്റ നിർമിച്ചുനല്‍കിയത്. 400 കിടക്കകളുള്ള 80 ക്വാറന്‍റൈൻ മുറികള്‍, 96 കിടക്കകളുള്ള 24 ഐസൊലേഷന്‍ മുറികളള്‍, 10 കിടക്കകളുള്ള രണ്ട് നിരീക്ഷണ മുറികൾ, അഞ്ച് കിടക്കകളുള്ള ഒരു ട്രോമ മുറിയും ഉള്‍പ്പെടുന്നതായിരുന്നു ആശുപത്രി. നഴ്‌സുമാർക്കും ഡോക്‌ടർമാർക്കും വിശ്രമിക്കാൻ 40 കിടക്കകളുള്ള 10 മുറികളും ആശുപത്രിയില്‍ സജ്ജീകരിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫൈബർ റൈൻഫോഴ്‌സ്‌ഡ് പോളിമർ കോമ്പോസിറ്റ് സാൻഡ്‌വിച്ച് പാനലുകൾ ഉപയോഗിച്ചാണ് യൂണിറ്റുകൾ നിർമിച്ചിരിന്നത്. കൊൽക്കത്ത (പശ്ചിമ ബംഗാൾ), മംഗളൂരു (കർണാടക), ഹൈദരാബാദ് (തെലങ്കാന), അഹമ്മദാബാദ് (ഗുജറാത്ത്), ഫരീദാബാദ് (ഹരിയാന) എന്നിവിടങ്ങളിൽ ഏഴ് നിർമാണ കേന്ദ്രങ്ങൾ കണ്ടെത്തിയാണ് യൂണിറ്റിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2022 ജൂലൈയില്‍ 550 കിടക്കകളുള്ള ആശുപത്രി കാസര്‍കോടിന് നല്‍കി.
2022 ജൂണിൽ, ഇന്ത്യ ഇന്നൊവേഷൻ സെന്‍റര്‍ ഫോര്‍ ഗ്രാഫീന്‍ സ്ഥാപിക്കുന്നതിനായി ടാറ്റ സ്റ്റീൽ സി-മെറ്റ് തൃശൂരുമായും ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുമായും ധാരണാപത്രം ഒപ്പുവച്ചു.
ടാറ്റ സ്റ്റീൽസിൽ ജോലി ചെയ്‌ത കേരളത്തിൽ നിന്നുള്ള ഒളിമ്പ്യൻസ്
മേഴ്‌സി കുട്ടന്‍ : 1988ലെ സിയോൾ ഒളിമ്പിക്‌സിൽ 400 മീറ്ററിലും 4x400 മീറ്ററിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഒളിമ്പ്യനാണ് മേഴ്‌സി കുട്ടൻ. 1981ല്‍ ടാറ്റ സ്റ്റീലില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ രണ്ട് വർഷം ദേശീയ ലോങ്ജമ്പ് ചാമ്പ്യനായിരുന്നു അവര്‍. 1982-ലെ ഡൽഹി ഏഷ്യൻ ഗെയിംസിൽ മേഴ്‌സി കുട്ടന്‍ വെള്ളി മെഡല്‍ നേടിയിരുന്നു. എന്നാല്‍ ഭർത്താവും പരിശീലകനുമായ മുരളി കുട്ടന്‍റെ ഉപദേശപ്രകാരം 400 മീറ്ററിലേക്ക് ചുവട് മാറ്റുകയായിരുന്നു. സിയോൾ ഒളിമ്പിക്‌സിൽ, ഫ്ലോറൻസ് ഗ്രിഫിത്ത്-ജോയ്‌നർ, ഹെയ്‌ക്ക് ഡ്രെഷ്‌ലർ, ഇന്ത്യയുടെ സ്വന്തം പിടി ഉഷ, വന്ദന റാവു, ഷൈനി എബ്രഹാം-വിൽസൺ എന്നിവരടങ്ങിയ താരനിരയോടൊപ്പം പ്രകടനം നടത്തി അവർ രണ്ടാം റൗണ്ടിലെത്തി.
ടി സി യോഹന്നാൻ : ഏഷ്യൻ ഗെയിംസിൽ ഒരു ആദ്യ വ്യക്തിഗത സ്വർണം നേടിയ മലയാളി എന്ന ചരിത്ര നേട്ടം കുറിച്ച വ്യക്തിയാണ് തടത്തുവിള ചന്ദ്രപ്പിള്ള യോഹന്നാൻ. 1974ലെ ടെഹ്റാൻ ഏഷ്യാഡിൽ ആണ് ടി സി യോഹന്നാന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ലോങ് ജംപിൽ 8.07 മീറ്റർ പിന്നിടുന്ന ആദ്യ ഏഷ്യക്കാരനുമായിരുന്നു ടി സി യോഹന്നാൻ. TELCO (ഇപ്പോൾ ടാറ്റ മോട്ടോഴ്‌സ്) പരിശീലകനായ സുരേഷ് ഗുജറാത്തിയുടെ ശിക്ഷണത്തിലാണ് യോഹന്നാൻ ദേശീയ റെക്കോഡുകൾ കീഴടക്കിയത്.
സാധ്യതയുള്ള പദ്ധതികൾ : ടാറ്റ ഗ്രൂപ്പിന്‍റെ 91,000 കോടി രൂപയുടെ അർധചാലക പദ്ധതിയിൽ നിർണായക പങ്ക് വഹിക്കാൻ മലപ്പുറം ജില്ല ഒരുങ്ങുകയാണ്. താനൂരിനടുത്തുള്ള ഒഴൂർ എന്ന ഗ്രാമത്തില്‍ സംരംഭത്തിന്‍റെ അനുബന്ധ പ്ലാന്‍റ് സ്ഥാപിക്കുന്നത് പരിഗണനയിലാണ്.
വിവാദങ്ങൾ : ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള കണ്ണൻ ദേവൻ ഹിൽസ് പ്ലാന്‍റേഷൻ (കെഡിഎച്ച്പി) കമ്പനിയാണ് മൂന്നാറിലെ ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമിയുടെ ഏറ്റവും വലിയ കയ്യേറ്റക്കാര്‍ എന്ന് ജില്ല ഭരണകൂടം 2010-ൽ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച 470 പേജുള്ള റിപ്പോർട്ടിൽ ആരോപിക്കുന്നു. മൂന്നാറില്‍ ടാറ്റയുടെ കടുത്ത നിയമ ലംഘനവും കയ്യേറ്റവും നടന്നതായാണ് ഇടുക്കി ജില്ല കലക്‌ടർ റിപ്പോർട്ട് ചെയ്‌തത്.
കെഡിഎച്ച്പിക്കെതിരെയുള്ള കയ്യേറ്റത്തിന് നടപടിയെടുത്തിരുന്നുവെങ്കിലും വിവിധ കോടതികൾ ഉത്തരവ് സ്റ്റേ ചെയ്‌തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ലാൻഡ് ബോർഡ് അവാർഡ് പ്രകാരമുള്ള ഭൂമിയാണെന്ന് അവകാശപ്പെട്ട് ടാറ്റയും പാട്ട വ്യവസ്ഥകൾ ലംഘിച്ച് മൂന്നാർ ടൗൺ ഏരിയയിൽ നിന്ന് വാടക വാങ്ങി എന്നും റിപ്പോര്‍ട്ടുണ്ട്.
ആനത്താര ലംഘിച്ച് അനധികൃത അണക്കെട്ടുകളും വൈദ്യുത വേലിയും കെട്ടി എന്നിവയും ടാറ്റയ്‌ക്കെതിരായ ആരോപണങ്ങളിൽ ഉൾപ്പെടുന്നു. 2007-2010 കാലഘട്ടത്തിൽ 119 റിസോർട്ടുകൾക്കെതിരെ നടപടിയെടുക്കുകയും കയ്യേറ്റക്കാരിൽ നിന്ന് 14,000 ഏക്കര്‍ ഭൂമി തിരികെ പിടിക്കുകയും ചെയ്‌തതായി റിപ്പോർട്ടിൽ പറയുന്നു.
രത്തൻ ടാറ്റ കേരളത്തില്‍ നിക്ഷേപം നടത്തുന്ന സ്റ്റാർട്ട് അപ്പുകൾ : മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് ഷാഫി മാത്തറിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ എമർജൻസി റെസ്‌പോൺസ് സ്റ്റാർട്ടപ്പ് ആപ്പ് കമ്പനിയിൽ ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ നിക്ഷേപം നടത്തിയിട്ടുണ്ട്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സ്റ്റാർട്ട്-അപ്പായ, MUrgency Inc, അടിയന്തര പ്രതികരണത്തിനായി ഗ്ലോബൽ എമർജൻസി റെസ്‌പോൺസ് നെറ്റ്‌വർക്ക് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചു. ഇതിന് നിരവധി അന്താരാഷ്‌ട്ര അവാർഡുകളും ലഭിച്ചു.
Also Read : യുദ്ധം കെടുത്തിയ പ്രണയം, പിന്നെ യാത്ര തനിയേ; ഇത് രത്തന്‍ ടാറ്റയുടെ അമേരിക്കന്‍ പ്രണയകഥ