പത്തനംതിട്ട: സത്യപ്രതിജ്ഞാലംഘനം നടന്നു എന്ന് ബോധ്യമായ സാഹചര്യത്തിൽ മന്ത്രി സജി ചെറിയാൻ രാജിവക്കണമെന്ന് രമേശ് ചെന്നിത്തല. മന്ത്രി സജി ചെറിയാൻ മുൻപ് രാജിവച്ച അതേ സാഹചര്യമാണ് ഇപ്പോള്‍ ള്ളതെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
'തൻ്റെ ഭാഗം കോടതി കേട്ടിട്ടില്ല എന്ന സജി ചെറിയാൻ്റെ വാദം ന്യായീകരിക്കാനാവില്ല. കോടതിയുടെ പരാമർശങ്ങളുടെ പേരിലാണ് മുൻപും പലപ്പോഴും മന്ത്രിമാർ രാജിവച്ചിട്ടുള്ളത്. സത്യപ്രതിജ്ഞാ ലംഘനം നടന്നു എന്ന് ബോധ്യമായ സാഹചര്യത്തിൽ സജി ചെറിയാൻ സ്വയം രാജിവച്ചൊഴിയുകയോ മുഖ്യമന്ത്രി രാജി എഴുതി വാങ്ങുകയോ ചെയ്യുന്നമെന്നും' രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പത്തനംതിട്ട പ്രസ് ക്ലബിൽ സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്' പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സജി ചെറിയാൻ രാജി വയ്ക്കാൻ തയ്യാറാകാത്ത പക്ഷം സമര പരിപാടികൾ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കും. പാലക്കാട്ടും ചേലക്കരയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം കുറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് വൻ വിജയം നേടും. ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് കടുത്ത വർഗീയ പ്രചരണമാണ് നടത്തിയത്. ദേശാഭിമാനിക്ക് പോലും പരസ്യം നൽകാതെ സിറാജ്, സുപ്രഭാതം പത്രങ്ങൾക്ക് മാത്രം പരസ്യം നൽകിയത് വർഗീയ ധ്രുവീകരണത്തിന് വേണ്ടിയാണെന്നും' രമേശ് ചെന്നിത്തല ആരോപിച്ചു.