തിരുവനന്തപുരം: യുഡിഎഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരു ധാരണയുമില്ലെന്നും പ്രചാരണത്തിന് വെല്‍ഫെയര്‍ പാര്‍ട്ടിയെ ഉള്‍പ്പെടുത്തുമോയെന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തല. എസ്‌ഡിപിഐയുടെ പിന്തുണ ഞങ്ങൾക്ക് വേണ്ടെന്ന് യുഡിഎഫ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ പിഡിപി ഇപ്പോള്‍ എല്‍ഡിഎഫിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്.
പിഡിപി പിന്തുണ മുന്‍പും ലഭിച്ചതായാണ് മുഖ്യമന്ത്രി പറഞ്ഞത്. രണ്ടും ഒരേ രാഷ്ട്രീയ മാനമുള്ള സംഘടനകളായാണ് കാണുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവനില്‍ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
എല്‍ഡിഎഫിന് ദേശീയ രാഷ്ട്രീയത്തിലിടമില്ല എന്ന് അദ്ദേഹം ആരോപിച്ചു. മതേതര വിശ്വാസികളായ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ എല്‍ഡിഎഫിന് പ്രസക്തിയില്ലെന്നും രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സിപിഐയ്ക്കും സിപിഎമ്മിനും ദേശീയ തലത്തില്‍ യാതൊരു പ്രധാന്യവുമില്ല.
കേരളത്തില്‍ നിന്ന് ബിജെപിക്ക് വോട്ടും ലഭിക്കില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും എല്‍ഡിഎഫുമായാണ് യുഡിഎഫ് മത്സരിക്കുന്നത്. ട്വ ന്‍റി-ട്വ ന്‍റി നേട്ടമാകും യുഡിഎഫിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ലഭിക്കുക. സര്‍ക്കാരിനെ കുറിച്ച് ഓര്‍മിപ്പിച്ചാല്‍ തങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന് കരുതിയാകാം സര്‍ക്കാരിന്‍റെ നേട്ടങ്ങളെ കുറിച്ച് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാത്തതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ജനങ്ങള്‍ക്ക് അതിശക്തമായ പ്രതിഷേധമാണ് സംസ്ഥാന സര്‍ക്കാരിനെതിരെയുള്ളത്. ഇടത് മുന്നണിക്കെതിരായി ഒരവസരം കാത്തിരിക്കുകയാണ് ജനങ്ങള്‍. ഇടത് പക്ഷത്തിന്‍റെ പ്രചാരണ വേദികള്‍ ഇത്ര ശുഷ്‌കമായി മുന്‍പ് കണ്ടിട്ടില്ല.
മുഖ്യമന്ത്രി വരുന്ന വേദിയില്‍ മാത്രം ആളെ എത്തിക്കുന്നു. എത്തുന്നിടത്തെല്ലാം മൈക്കിന് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധമാണ്. പല സംസ്ഥാനത്തിലും കോണ്‍ഗ്രസിനോടൊപ്പം നിന്നിട്ട് കേരളത്തിലെ മുഖ്യമന്ത്രി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
മോദിയെ വിമര്‍ശിക്കാതെ രാഹുലിനെയാണ് മുഖ്യമന്ത്രി വിമര്‍ശിക്കുന്നത്. മോദിയെ പ്രീതിപ്പെടുത്താനാണിത്. രാഹുല്‍ ഗാന്ധിക്ക് പിണറായി വിജയന്‍റെ സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ല. നരേന്ദ്ര മോദിയുടെ പേര് പോലും പറയാതെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെന്നും ചെന്നിത്തല പറഞ്ഞു.
വയനാട്ടില്‍ കൊടികളില്ലാതെയുള്ള പ്രചരണ രീതി: വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റോഡ് ഷോയില്‍ കൊടികളില്ലതെയുള്ള പുതിയ പ്രചരണ രീതിയാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. വയനാട്ടില്‍ കൊടികളില്ലാതെ പ്രചരണം നടത്താനുള്ള രീതിയാണ് ആവിഷ്‌കരിച്ചത്. രാഹുല്‍ ഗാന്ധിയുടെ പടമുള്ള പ്ലക്ക് കാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രചരണം.
ഞാന്‍ അരവിന്ദ് കെജ്‌രിവാളെന്ന് പറഞ്ഞുള്ള മുഖം മൂടിയും പ്ലക്ക് കാര്‍ഡും പിടിച്ചായിരുന്നു ഡല്‍ഹിയില്‍ പ്രചരണം. സമാനമായി കൊടി വേണ്ടെന്ന് വെച്ചത് പ്രചരണ തന്ത്രമാണെന്നും രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.