കണ്ണൂർ: കണ്ണൂർ പഴയങ്ങാടി അടുത്തിലയിലെ രമണി ടീച്ചറുടെ വീട് മുഴുവനും കരകൗശല വസ്‌തുക്കളുടെ നിറകാഴ്‌ചകളാണ്. കലാമണ്ഡലം കൃഷ്‌ണൻ നായരുടെ കഥകളി ഭാവങ്ങൾ മനസിൽ ഇഴുകി ചേർന്ന രമണി ടീച്ചർക്ക് വിരമിച്ച ശേഷം മനസിൽ വിരിഞ്ഞ ആശയമാണ് ഇന്ന് സ്വീകരണ മുറിയിൽ കലാസൃഷ്‌ടികളായി പരന്നു കിടക്കുന്നത്.
മാടായി ഗേൾസ്, വയക്കര ഹയർ സെക്കന്‍ററി, ചെറുതാഴം, അമ്പലപ്പുഴ മാടായി ബോയ്‌സ് തുടങ്ങിയ സ്‌കൂളുകളിൽ പ്രവർത്തിച്ച ശേഷം 2020 ൽ കണ്ണൂർ മലപ്പട്ടം ഹയർ സെക്കന്‍ററി സ്‌കൂളിൽ നിന്നാണ് രമണി ടീച്ചർ പ്രധാനാധ്യാപികയായി വിരമിക്കുന്നത്. വിരമിച്ച ശേഷം നാല് വർഷത്തിനിടെ 15 കഥകളി രൂപങ്ങൾ അടക്കം 50 ഓളം രൂപങ്ങളാണ് ടീച്ചർ നിർമിച്ചൊരുക്കിയിട്ടുള്ളത്.
കയ്യിൽ കിട്ടുന്നതൊക്കെയും ടീച്ചർക്ക് കരകൗശല വസ്‌തുക്കളിലേക്കുള്ള ഊടും പാവും ആണ്. പൊട്ടൻ തെയ്യവും മുച്ചിലോട്ട് ഭഗവതിയും ഒക്കെ മുടിയഴക് ചോരാതെയാണ് ടീച്ചർ ഒരുക്കിയിട്ടുള്ളത്. രൂപം ഒരുക്കാനുള്ള താത്പര്യത്തിൽ തെയ്യങ്ങളെ തേടിയും യാത്ര തുടങ്ങിയെന്ന് ടീച്ചർ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രൂപങ്ങളിലെ രമണി ടീച്ചർ ടച്ച്...
ആരോഗ്യ പരിപാലനത്തിനായി ഉപയോഗിക്കുന്ന ഗുളികൾക്ക് എന്താ ടീച്ചറുടെ രൂപങ്ങളിൽ കാര്യം എന്ന് ചോദിച്ചാൽ അത്ഭുതപ്പെടാൻ വരട്ടെ. കഴിക്കുന്ന ഗുളികയുടെ കവർ മുതൽ ഒരുമാതിരിപ്പെട്ട എല്ലാ വസ്‌തുക്കളും ടീച്ചർക്ക് കരകൗശല വസ്‌തുക്കൾ നിർമ്മിക്കാനുള്ള അസംസ്‌കൃത വസ്‌തുക്കളാണ്. ഗുളികയുടെ കവർ, പുറം തള്ളുന്ന കാലിയായ മദ്യ കുപ്പി, ചിരട്ട, കാർബോർഡ്, ചട്ടി, ആക്രിലിക് പെയിന്‍റ് തുടങ്ങിയവ ഉപയോഗിച്ചാണ് തെയ്യങ്ങളുടെയും കഥകളിയുടെയും രൂപം ഒരുക്കുന്നത്.
പുറത്തേക്കുന്തിയ മദ്യക്കുപ്പികളാണ് കഥകളിയുടെ രൂപം സൃഷ്‌ടിച്ചെടുക്കാൻ ടീച്ചർ കൂടുതലായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. കൂടാതെ കഥകളിയുടെ പിൻഭാഗത്തെ മുടിയഴക് ഒരുക്കുന്നതിൽ കാർബോർഡും വർണ നൂലുകളും ഉപയോഗിക്കുന്നു.
ഏതാണ്ട് മൂന്ന് ദിവസം പൂർണമായും ഉപയോഗിച്ചാൽ മാത്രമാണ് ഒരു കഥകളി രൂപം ഒരുക്കിയെടുക്കാൻ കഴിയുകയെന്ന് ടീച്ചർ പറയുന്നു. കുടുംബത്തിന്‍റെ പഴയകാല കലാപാരമ്പര്യം കൂടി തന്‍റെ കലാ വളർച്ചയിൽ മുതൽക്കൂട്ടായി എന്നാണ് ടീച്ചർ വിശ്വസിക്കുന്നത്. കൂടാതെ മക്കളായ ആതിര എം നമ്പ്യാരും, അനുശ്രീ എം നമ്പ്യാരും ചിത്രരചനയിൽ സജീവമാണ്.