കണ്ണൂർ: ഇത് മോറാഴ കുട്ടഞ്ചേരി സ്വദേശിനിയായ ഗീതാ ഇളമ്പിലാൻ. കഴിഞ്ഞ 32 വർഷമായി ആധാരമെഴുത്ത് മേഖലയിൽ ജോലി ചെയ്യുന്ന ഗീത, വിശ്വാസത്തിന്‍റെ വേലികെട്ടുകൾക്കപ്പുറം മാതൃക തീർക്കുകയാണ്. റമദാനിലെ മുപ്പതു ദിനങ്ങളിലും ഗീത നോമ്പ് നോൽക്കും.
2002 നവംബർ 6 നാണ് ഗീത തളിപ്പറമ്പിൽ സ്വന്തമായി ആധാരമെഴുത്ത് ജോലി തുടങ്ങിയത്. ആ വർഷത്തെ ഒന്നാം നോമ്പും അന്ന് തന്നെയായിരുന്നു. പിന്നീടത് എല്ലാ വർഷവും മുടങ്ങാതെ തുടർന്നു. മുസ്‌ലിം സഹോദരന്മാരോട് അനുഭാവം പ്രകടിപ്പിച്ചാണ് ഗീത നോമ്പെടുത്ത് തുടങ്ങിയത്. കഴിഞ്ഞ 22 വർഷത്തിനിടയിൽ അപൂർവ്വമായി മാത്രമേ ഇവർക്ക് മുപ്പത് നോമ്പ് പൂർത്തിയാക്കാൻ പറ്റാതിരുന്നിട്ടുള്ളു. മനസും, ശരീരവും ശുദ്ധീകരിച്ച് പുതിയൊരു അനുഭൂതിയാണ് റമദാൻ വ്രതം നൽകുന്നതെന്ന് ഗീത പറയുന്നു.
ഭർത്താവും രണ്ടു മക്കളുമടങ്ങുന്ന കുടുംബം പൂർണ്ണ പിന്തുണയാണ് വ്രതാചരണത്തിന് നൽകുന്നത്. ആദ്യകാലത്ത് നോമ്പ് എടുക്കുന്നതിനു മുൻപ് അത്താഴം കഴിക്കാറില്ലായിരുന്നു. ഇപ്പോൾ പുലർച്ചെ എഴുന്നേറ്റ് അത്താഴം കഴിക്കുന്ന ശീലമുണ്ട്. മൂത്ത മകളും വർഷങ്ങളായി ഗീതയോടൊപ്പം റമദാൻ വ്രതം അനുഷ്‌ഠിക്കാറുണ്ട്. ഇനി വരുന്ന കാലങ്ങളിലും ഒരു ദിവസം പോലും ഒഴിവാക്കാതെ റമദാൻ വ്രതമെടുക്കുമെന്നാണ് ഗീത പറയുന്നത്. പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വീണ്ടും വിശ്വാസികള്‍ക്ക് വസന്തം സമ്മാനിക്കുമ്പോൾ ആത്മ നിർവൃതിയിലാണ് ഗീതയെ പോലുള്ളവരും.