കാസർകോട് : പയ്യന്നൂരിലും, കല്ല്യാശ്ശേരിയിലും വ്യാപകമായി സിപിഎം കള്ള വോട്ട് ചെയ്തെന്നും ബൂത്ത് പിടിത്തം നടന്നെന്നും യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ. എത്ര കള്ള വോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് വിജയിക്കും. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ സിപിഎം, ബിജെപി വോട്ടുകൾ കുറയും.
പല ബൂത്തിലും ഇരിക്കാൻ സിപിഎം ഏജന്‍റുമാർ ഉണ്ടായിരുന്നില്ല. ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് വരും. ഇടതുപക്ഷത്തിന് സുരക്ഷ പൊലീസ് കൊടുത്തു. കാസർകോട് എസ്‌പി രാഷ്ട്രീയം കളിച്ചുവെന്നും ഉടൻ എസ്‌പിയെ മാറ്റാൻ തയ്യാറാകണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ബൂത്ത് ഏജന്‍റിനെ പുറത്തുനിന്ന് ഗുണ്ടകൾ കയറി ആക്രമിക്കുന്ന സാഹചര്യമുണ്ടായി.
പയ്യന്നൂരിൽ വോട്ടിംഗ് ശതമാനം 80 കടക്കാൻ കാരണം കള്ളവോട്ടാണ്. സാധാരണക്കാരായ വോട്ടർമാർ തനിക്ക് അനുകൂലമാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. അതേസമയം കാസർകോട് എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സ്ഥാനാർഥി എംവി ബാലകൃഷ്‌ണൻ പ്രതികരിച്ചു. എൽഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്യിക്കാൻ കഴിഞ്ഞിട്ടുണ്ട്. 70,000ല്‍ കുറയാത്ത ഭൂരിപക്ഷം കിട്ടും. കള്ളവോട്ടെന്നത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ ആരോപണം മാത്രമാണെന്നും എം വി ബാലകൃഷ്‌ണൻ പറഞ്ഞു.
ALSO READ: കല്യാശേരിയിൽ വോട്ടിങ്ങിനിടെ സംഘർഷം; ഉണ്ണിത്താന്‍റെ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതായി യുഡിഎഫ്